സന്തോഷ് മാധവന്റെ ജാമ്യാപേക്ഷ നിരസിച്ചു
ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ സന്തോഷ് മാധവന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി നിരസിച്ചു. ഇതിനൊപ്പം സന്തോഷിന്റെ സഹായിയും ഡ്രൈവറുമായ തോമസിന്റെ ജാമ്യാപേക്ഷയും കോടതി നിരസിച്ചിട്ടുണ്ട്.
സെഷന്‍സ് കോടതിയില്‍ ഇവര്‍ക്കെതിരെയുള്ള കേസില്‍ വിചാരണതുടരാമെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.
ഇതനുസരിച്ച് ഇരുവരും ജാമ്യാപേക്ഷ പിന്‍വലിച്ചു.
ജസ്റ്റിസുമാരായ തരിന്‍ ചാറ്റര്‍ജി, വിഎസ് സിര്‍പുര്‍കര്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് സന്തോഷിന്റെയും തോമസിന്റെയും ജാമ്യ ഹര്‍ജി പരിഗണിച്ചത്.
സന്തോഷ് മാധവന്റെ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞയാഴ്‌ച കോടതി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സര്‍ക്കാര്‍ രേഖകള്‍ ഹാജരാക്കി.
എന്നാല്‍ പ്രായം വ്യക്തമാക്കാന്‍ വേണ്ട ശാസ്‌ത്രീയ പരിശോധനകള്‍ നടത്താത്തതില്‍ കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് കോടതി ഹര്‍ജി പരിഗണിച്ചത്.
സന്തോഷ് മാധവനെതിരെ എന്തൊക്കെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞിട്ടില്ല.
നേരത്തേ വിചാരണക്കോടതിയും ഹൈക്കോടതിയും ഇരുവരുടെയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു. തുടര്‍ന്നാണ് ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.












Click it and Unblock the Notifications