കിളിരൂര്‍: കേന്ദ്രത്തെ സമീപിക്കാമെന്ന് കോടിയേരി
തിരുവനന്തപുരം: കിളിരൂര്‍ പെണ്‍വാണിഭക്കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയായതാണെന്നും അന്വേഷണത്തില്‍ ആക്ഷേപം ഉള്ളവര്‍ കേന്ദ്രത്തെ സമീപിക്കണമെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയില്‍ പറഞ്ഞു.
കേസിലെ ഫയല്‍ പൂഴ്‌ത്തിയെന്ന ആരോപണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് വിശദീകരണം നല്‍കുകയായിരുന്നു മന്ത്രി.
കേസില്‍ ഉന്നതരുടെ ഇടപെടല്‍ ഉണ്ടായതായും പല കാര്യങ്ങളും മറച്ചുവയ്‌ക്കുന്നതായും പ്രതിപക്ഷം ആരോപിച്ചു. കിളിരൂര്‍ കേസില്‍ സര്‍ക്കാറിന് ഒന്നും പേടിക്കാനില്ല. സിബിഐ അല്ല ഏത് ഏജന്‍സി അന്വേഷിച്ചാലും സര്‍ക്കാറിന് ഭയമില്ല.
യുഡിഎഫ് ഭരണകാലത്താണ് പീഡനം നടന്നതും പീഡനത്തിനിരയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും കുട്ടി മരിച്ചതും. കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. തൃപ്‌തി പോരാത്തവര്‍ കേന്ദ്രത്തെ സമീപിക്കണം- കോടിയേരി പറഞ്ഞു.
ആഭ്യന്തരമന്ത്രിയുടെ മറുപടിയില്‍ തൃപ്‌തനായ സ്‌പീക്കര്‍ പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം വിഷയം സബ്‌മിഷനായി അവതരിപ്പിച്ചു.












Click it and Unblock the Notifications