മുസ്ലിം ദമ്പതികള്‍ ക്ഷേത്രത്തില്‍ വിവാഹിതരായി
രാജ്‌കോട്ട്: മുസ്ലിം ദമ്പതികള്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. തീപിടിക്കുന്ന വര്‍ഗീയ ബോധമുള്ളയാളുകളുടെ നാടായ ഗുജറാത്തിലാണ് ക്ഷേത്രത്തില്‍ വച്ച് വിവാഹം ചെയ്‌തുകൊണ്ട് മുസ്ലിം ദമ്പതികള്‍ മതസൗഹാര്‍ദ്ദത്തിന്റെ പുതിയ പാഠം സമൂഹത്തിന് നല്‍കിയത്.
രാജ്‌കോട്ടിലെ ജുനഗദ് ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. മുസ്ലിം മതപുരോഹിതന്റെയും കാര്‍മ്മികത്വത്തിലാണ് വിവാഹം നടന്നത്. വിവാഹത്തിനെത്തിയ ഹിന്ദുക്കളും മുസ്ലിങ്ങളും ചടങ്ങിന് ശേഷം ഒന്നിച്ചിരുന്ന സദ്യയുണ്ണുകയും ചെയ്‌തു.
അബ്ദുള്‍ ഷെയ്‌ഖ് എന്ന നാല്‍പ്പത്തിയെട്ടുകാരന്റെ മകളുടെ വിവാഹമാണ് ക്ഷേത്രത്തില്‍വച്ച് നടന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് ഷെയ്‌ഖിന്റെത്. മകളുടെ വിവാഹത്തിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ഷെയ്‌ഖ് എന്‍ജിഒ ആയ സത്യം സേവാ മണ്ഡലിനെ സമീപിച്ചു.
സാമ്പത്തിക സഹായം നല്‍കാന്‍ തങ്ങള്‍ ഒരുക്കമാണെന്നും പക്ഷേ വിവാഹച്ചടങ്ങ് ക്ഷേത്രത്തില്‍വച്ച് നടത്തണമെന്നും എന്‍ജിഒ അധികൃതര്‍ അറിയിച്ചു.
ഷെയ്‌ഖ് ഇക്കാര്യം സന്തോഷത്തോടെ സമ്മതിച്ചു. സ്വന്തം മതപുരോഹിതന്മാരോടും വരന്റെ കുടുംബത്തോടും ആലോചിച്ചപ്പോള്‍ അവരും ഷെയ്‌ഖിനെ പിന്തുണച്ചു. അങ്ങനെ വിവാഹം മംഗളമായി നടക്കുകയും ചെയ്‌തു.












Click it and Unblock the Notifications