താജ് , ട്രൈഡന്റ് ഹോട്ടലുകള്‍ തുറക്കുന്നു
മുംബൈ: നവംബര്‍ 26ന്റെ ഭീകരാക്രമണത്തില്‍ ഭാഗികമായി തകര്‍ന്ന താജ്, ട്രൈഡന്റ് ഹോട്ടലുകള്‍ ഞായറാഴ്‌ച പ്രവര്‍ത്തനം പുനരാരംഭിയ്‌ക്കുമെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. ഭാഗികമായി അറ്റകുറ്റപ്പണികള്‍ നടത്തിയാണ് ഹോട്ടലുകള്‍ ഇപ്പോള്‍ തുറക്കുന്നത്. ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് രണ്ട് ഹോട്ടലുകള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മൂന്ന് ദിവസം നീണ്ടു നിന്ന ഭീകരാക്രമണത്തില്‍ ഹോട്ടലുകള്‍ക്ക് വന്‍നാശനഷ്ടങ്ങളാണ് നേരിട്ടിരുന്നത്.
അത്യാധുനിക യന്ത്രത്തോക്കുകള്‍ക്ക് പുറമെ ബോംബുകള്‍, ഗ്രനേഡുകള്‍ എന്നിവയും തീവ്രവാദികള്‍ ആക്രമണത്തിനായി ഉപയോഗിച്ചിരുന്നു. അഗ്നി ബാധയുണ്ടായതാണ് ഹോട്ടലുകള്‍ക്ക് കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്.
ടവര്‍ വിംഗിലേതുള്‍പ്പടെ താജ് ഹോട്ടലിലെ 270 മുറികളാണ് ഇന്ന് അതിഥികള്‍ക്കായി തുറന്നുകൊടുക്കുക. തിങ്കളാഴ്‌ച മുതല്‍ റസ്റ്റോറന്റുകളും തുറന്ന് പ്രവര്‍ത്തിയ്‌ക്കും. താജ് ഹോട്ടല്‍ പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകാന്‍ ഒരു വര്‍ഷത്തോളം വേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.
മുംബൈ നിവാസികളുടെ തകര്‍ക്കാനാവത്ത ദേശീയ ബോധത്തിനും ധൈര്യത്തിനും മുന്നില്‍ ഈ തിരിച്ചുവരവ് സമര്‍പ്പിയ്‌ക്കുന്നതായി ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി മേധാവി റെയ്‌മണ്ട് ബിക്‌സണ്‍ പറഞ്ഞു.
ട്രൈഡന്റില്‍ 100 മുറികളാണ് ഞായറാഴ്‌ച മുതല്‍ പ്രവര്‍ത്തനം തുടങ്ങുക. ഇതിനൊപ്പമുള്ള ഒബ്‌റോയി പ്രവര്‍ത്തനക്ഷമമാകാന്‍ ഏഴ് മാസമെങ്കിലും വേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications