ക്രിസ്മസ് കേരളം കുടിച്ചാഘോഷിച്ചു
കൊച്ചി: 'മദ്യമില്ലാതെ മലയാളിയ്‌ക്ക് ആഘോഷ'മില്ലെന്ന ചൊല്ല് ശരിയെന്ന് തെളിയിച്ചു കൊണ്ട് കേരളം ക്രിസ്‌മസ് കുടിച്ചാഘോഷിച്ചു.
രണ്ട് ദിവസത്തെ ക്രിസ്‌മസ് ആഘോഷം അടിച്ചു പൊളിയ്‌ക്കാനായി കേരളത്തിലെ കുടിയന്‍മാര്‍ അടിച്ചു തീര്‍ത്തത്‌് 41.38 കോടിയുടെ വിദേശമദ്യമാണ്. മറ്റു പല മേഖലകളെയും സാമ്പത്തിക മാന്ദ്യം ബാധിച്ചപ്പോഴും കേരളത്തില്‍ മദ്യവ്യാപാരത്തിന് വെച്ചടിവെച്ചടി കയറ്റമാണെന്നാണ് ഇത്തവണത്തെ ക്രിസ്‌മസ് തെളിയിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ക്രിസ്‌മസ് ആഘോഷങ്ങള്‍ക്ക് ചെലവായത് 30.60 കോടി രൂപയുടെ മദ്യമായിരുന്നെങ്കില്‍ ഒറ്റ വര്‍ഷം കൊണ്ട് 35 ശതമാനം വര്‍ദ്ധനയാണ് ഈ മേഖലയില്‍ ഉണ്ടായതെന്ന് ആദ്യ കണക്കുകള്‍ വെളിപ്പെടുത്തുന്നു.
ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഉടമസ്ഥതയിലുള്ള 706 വില്‌പനശാലകളിലൂടെയാണ് 41 കോടിയുടെ വിദേശമദ്യം രണ്ട് ദിവസം കൊണ്ട് വിറ്റു പോയത്. ബാറുകളുടെയും കള്ളുഷാപ്പുകളുടെയും ക്ലബുകളുടെയും കണക്ക് കൂടി ചേര്‍ക്കുമ്പോള്‍ വില്‌പന 80 കോടി കടക്കുമെന്നാണ് കരുതപ്പെടുന്നത്.
പതിവു പോലെ റം തന്നെയാണ് വില്‌പനയില്‍ മുമ്പില്‍ നിലക്കുന്നത്. രണ്ടാം സ്ഥാനം ബ്രാണ്ടി കയ്യടക്കി. മദ്യപാനത്തിന്റെ കാര്യത്തില്‍ ചാലക്കുടിയിലെ കുടിയന്‍മാര്‍ ഇത്തവണയും തങ്ങളുടെ ഒന്നാം സ്ഥാനം വിട്ടുകൊടുത്തിട്ടില്ല. ചാലക്കുടിയിലെ ബിവറേജസില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ വില്‌പന നടന്നിരിയ്‌ക്കുന്നത്. 18.72 ലക്ഷത്തിന്റെ വില്‌പനയാണ് ഇവിടെ നടന്നത്.
ക്രിസ്‌മസ് ആഘോഷവേളയില്‍ മദ്യം ഒഴിവാക്കാന്‍ ശ്രമിയ്‌ക്കണമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ സഭ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. മത നേതൃത്വത്തിന്റെ ഈ ആഹ്വാനമൊന്നും വിശ്വാസികള്‍ ചെവിക്കൊണ്ടില്ലെന്നാണ് പുറത്തുവന്ന കണക്കുകള്‍ തെളിയിക്കുന്നത്.
അതിനിടെ ക്രിസ്‌മസ് കച്ചവടം പൊടിപൊടിച്ചതോടെ ബിവറേജസ് ഷോപ്പുകളിലെ സ്റ്റോക്കുകളില്‍ വന്ന കുറവ് നികത്താനുള്ള തിരക്കിലാണ് ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍. കഴിഞ്ഞ പുതുവര്‍ഷത്തെ മലയാളി വരവേറ്റത് അമ്പത് കോടിയുടെ മദ്യം അകത്താക്കി കൊണ്ടായിരുന്നു.
പുതുവത്സര ദിനാഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‌ക്കെ വമ്പന്‍വില്‌പനയാണ് അധികൃതര്‍ ഇത്തവണയും പ്രതീക്ഷിയ്‌ക്കുന്നത്.


Click it and Unblock the Notifications