പാകിസ്താന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല: ഗീലാനി
ലാഹോര്‍: ഇന്ത്യയുമായി യുദ്ധത്തിന് പാകിസ്‌താന്‍ ആഗ്രഹിയ്‌ക്കുന്നില്ലെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി പറഞ്ഞു. ഇന്ത്യയുമായുള്ള ഒരു യുദ്ധത്തിന്റെ കാര്യം ആലോചിയ്‌ക്കുന്നേയില്ല. എന്നാല്‍ യുദ്ധം അടിച്ചേല്‌പിയ്‌ക്കപ്പെട്ടാല്‍ വെറുതെ ഇരിയ്‌ക്കുകയുമില്ല. കിങ് എഡ്വേര്‍ഡ് മെഡിക്കല്‍ കോളെജിലെ ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ഗീലാനി.
പാകിസ്‌താന്‍ സമാധാനം ആഗ്രഹിയ്‌ക്കുന്ന ഒരു രാജ്യമാണ്. അത് കൊണ്ട് തന്നെ ഒരു യുദ്ധത്തിലേര്‍പ്പെടാന്‍ താത്‌പര്യമില്ല. അതേ സമയം രാജ്യത്തിന്റെ സുരക്ഷ കാത്തു സൂക്ഷിയ്‌ക്കുന്നതിന് ഞങ്ങള്‍ക്ക് ബാധ്യതയുണ്ട്. ഇന്ത്യയുമായി നല്ല ബന്ധമാണ് പാകിസ്‌താന്‍ ആഗ്രഹിയ്‌ക്കുന്നത്. അത് കാലാകാലം നിലനില്‌ക്കണമെന്നും ആഗ്രഹിയ്‌ക്കുന്നു.
തീവ്രവാദം പ്രോത്സാഹിപ്പിയ്‌ക്കുന്നത് പാകിസ്‌താന്റെ നയമല്ല. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ഉണ്ടായ സമ്മര്‍ദ്ദം ലഘൂകരിയ്‌ക്കാന്‍ ലോകരാജ്യങ്ങള്‍ ഇന്ത്യയെ പ്രേരിപ്പിയ്‌ക്കണമെന്ന് ഗീലാനി ആവശ്യപ്പെട്ടു.
മുംബൈ ആക്രമണത്തിലൂടെ ഇന്ത്യയ്‌ക്കേറ്റ മുറിവ് ഞങ്ങള്‍ക്ക് മനസ്സിലാകും. കാരണം പാകിസ്‌താനും ഇത്തരം തിരിച്ചടികള്‍ നേരിട്ട രാജ്യമാണ്. തീവ്രവാദം ചെറുക്കുന്ന കാര്യത്തില്‍ ഉത്തരവാദിത്വം പുലര്‍ത്തുന്ന രാജ്യമാണ് പാകിസ്‌താന്‍.
ഇന്ത്യയിലെന്നല്ല ലോകത്തൊരിടത്തും ഞങ്ങള്‍ തീവ്രവാദി ആക്രമണങ്ങള്‍ ആഗ്രഹിയ്‌ക്കുന്നില്ല. ഭീകരതയെ ചെറുക്കാന്‍ ഇന്റലിജന്റസ് വിവരങ്ങള്‍ പങ്കുവെയ്‌ക്കുന്നതിനും പാകിസ്‌താന്‍ തയാറാണെന്ന് ഗീലാനി വ്യക്തമാക്കി.












Click it and Unblock the Notifications