കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓംഗികള്‍ക്ക്‌ പ്രതീക്ഷയേകി പുതിയൊരു പിറവി

  • By Staff
Google Oneindia Malayalam News

പോര്‍ട്ട്‌ ബ്ലെയര്‍: അവന്‍ ജനിച്ചത്‌ വായില്‍ വെള്ളിക്കരണ്ടിയായൊന്നുമല്ല, എന്നാല്‍ ആ പിറവിയില്‍ സന്തോഷിയ്‌ക്കുന്നത്‌ ലോകജനത മുഴുവനുമാണ്‌. നാമാവശേഷമായി പോകുമെന്ന്‌ ഭയപ്പെടുന്ന ആന്തമാനിലെ ഗോത്ര വര്‍ഗ്ഗമായ ഓംഗി വിഭാഗത്തിലെ പുതിയ പ്രജയുടെ പിറവിയാണ്‌ ലോകത്തിന്‌ പ്രതീക്ഷകള്‍ പകരുന്നത്‌.

ഓംഗി ഗോത്രത്തിലെ മുപ്പത്തിയൊന്നുകാരിയായ തികോയി ഗാഗേ ആന്തമാനിലെ ജി.ബി പന്ത്‌ ആശുപത്രിയില്‍ വെച്ച്‌ ആണ്‍കുഞ്ഞിന്‌ ജന്മം നല്‌കിയതോടെ ഓംഗി ജനതയുടെ എണ്ണം ഇപ്പോള്‍ 92ല്‍ നിന്നും 93 ആയി വര്‍ദ്ധിച്ചിരിയ്‌ക്കുകയാണ്‌.

മദ്യമെന്ന്‌ കരുതി ഏതോ വിഷദ്രാവകം കഴിച്ച്‌ മൂന്നാഴ്‌ച മുമ്പ്‌ ഓംഗി വിഭാഗത്തിലെ എട്ടു പേര്‍ മരിച്ചത്‌ വന്‍ ഒച്ചപ്പാട്‌ സൃഷ്ടിച്ചിരുന്നു. ദുരന്തത്തില്‍ ആശങ്ക രേഖപ്പെടുത്തി നരവംശ ശാസ്‌ത്രജ്ഞന്‍മാരും ഗവേഷകരും രംഗത്തെത്തിയതോടെ ഡിംസബര്‍ 9ന്‌ നടന്ന സംഭവത്തെക്കുറിച്ച്‌ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഈ ദുരന്തം ഉണ്ടായിരുന്നില്ലെങ്കില്‍ ഓംഗി ഗോത്ര വര്‍ഗ്ഗക്കാരുടെ എണ്ണം ഇപ്പോള്‍ നൂറ്‌ കവിയുമായിരുന്നു. സ്വന്തമായി ഭാഷയുള്ള ഒരു ഗോത്ര വര്‍ഗ്ഗമാണ്‌ ഓംഗികള്‍.

നാമാവശേഷമായി കൊണ്ടിരിയ്‌ക്കുന്ന ആദിമ ജനതയുടെ സംരക്ഷണത്തിനായി ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന സര്‍വൈവല്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടന പുതിയ പിറവിയെ ഏറെ സന്തോഷം പകരുന്ന ഒന്നെന്നാണ്‌ വിശേഷിപ്പിച്ചിരിയ്‌ക്കുന്നത്‌.

1901ലെ കണക്കുകള്‍ പ്രകാരം ഓംഗി ഗോത്ര വര്‍ഗ്ഗ ജനതയുടെ എണ്ണം 672 ആയിരുന്നു. ഒരു നൂറ്റാണ്ട്‌ പിന്നിടുമ്പോഴാണ്‌ ഇവരുടെ എണ്ണം നൂറിന്‌ താഴെയായി ചുരുങ്ങിയിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X