അഭയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് സെഫി
കൊച്ചി: സിസ്റ്റര്‍ അഭയയെ തലയ്‌ക്കടിച്ചത് കേസിലെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയാണെന്ന് സിബിഐ അന്വേഷണ സംഘം എറണാകുളം സിജെഎം കോടതിയെ അറിയിച്ചു. കൈക്കോടാലി കൊണ്ട് മൂന്ന് തവണ സിസ്‌റ്റര്‍ സെഫി അഭയയുടെ തലയ്‌ക്കടിച്ചുവെന്നാണ് സിബിഐ വെളിപ്പെടുത്തിയിരിക്കുന്നത്.
തലയ്ക്ക് പിന്നിലും ചെവിയുടെ ഭാഗത്തുമായി അടിയേറ്റതിന്റെ ആഘാതത്തില്‍ ബോധരഹിതയായ അഭയയെ കേസിലെ പ്രതികളായ മൂന്ന് പേരും കൂടി കിണറ്റിലെറിയുകയായിരുന്നുവെന്നും സിബിഐ അറിയിച്ചു.
തലയ്ക്കടിയേറ്റ വിവരം നേരത്തെ പുറത്ത് വിട്ടിരുന്നെങ്കിലും ഇതാരാണ് ചെയ്തതെന്ന് സിബിഐ വെളിപ്പെടുത്തിയിരുന്നില്ല. അഭയ ആത്മഹത്യ ചെയ്തതാണെന്ന കേരളാ പോലീസിന്റെ റിപ്പോര്‍ട്ട് തെറ്റാണെന്നും സിബിഐ വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്ന സുപ്രധാനമായ മറ്റൊരു കാര്യവും സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാലിവരെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും അന്വേഷണം സംഘം വെളിപ്പെടുത്തിയില്ല. പ്രതികളുടെ റിമാന്റ് കാലാവധി ജനുവരി 12 വരെ നീട്ടിയിട്ടുണ്ട്.
അഭയ കേസില്‍ ജയിലില്‍ കഴിയുന്ന ഫാദര്‍ ജോസ് പൂതൃക്കയില്‍, ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നവരുടെ റിമാന്റ് കാലാവധി അവസാനിച്ച സാഹചര്യത്തില്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അഭയയുടെ കൊലപാതകത്തെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ സിബിഐ വെളിപ്പെടുത്തിയത്. മൂന്ന് പ്രതികളും നല്‌കിയ ജാമ്യഹര്‍ജിയില്‍ വിധി പറയുന്നത് ഹൈക്കോടതി നേരത്തെ നീട്ടിവെച്ചിരുന്നു.












Click it and Unblock the Notifications