വിശ്വസ്‌തരെ ഒഴിവാക്കാന്‍ സംസ്ഥാനക്കമിറ്റി നിര്‍ദ്ദേശം
തിരുവനന്തപുരം: മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പരിധി ലംഘിച്ച് നടത്തുന്ന പ്രസ്‌താവനകളും പ്രതികരണങ്ങളും അവസാനിപ്പിയ്‌ക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നല്‌കി. ഇത്തരം പ്രസ്‌താവനകളും പ്രതികരണങ്ങളും പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലേക്കാണ് നയിക്കുന്നതെന്ന് സംസ്ഥാന കമ്മിറ്റിയിലെ പ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി കാരാട്ട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ശേഷിയ്‌ക്കുന്ന വിശ്വസ്‌തരെ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും ഒഴിവാക്കുന്നതിന് പിണറായി പക്ഷം നടത്തി വന്ന നീക്കങ്ങള്‍ക്കും വിരാമമായി. മൂന്ന് ഉപദേഷ്ടാക്കളെ മാറ്റാനുള്ള തീരുമാനത്തിന് സംസ്ഥാനക്കമ്മിറ്റി ചൊവ്വാഴ്‌ച അംഗീകാരം നല്‌കി.
ഐടി ഉപദേഷ്ടാവ് ജോസഫ് മാത്യു, ഗവ. പ്ലീഡര്‍ ഡി. അനില്‍ കുമാര്‍, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ബി.ആര്‍ മേനോന്‍ എന്നിവരെ ആ ചുമതലകളില്‍ നിന്നും നീക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനമാണ് സംസ്ഥാനക്കമ്മിറ്റി അംഗീകരിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റ് നേരത്തെ മുഖ്യമന്ത്രിയോട് ഇക്കാര്യം നടപ്പാക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും വിഎസ് അത് തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രശ്‌നം സംസ്ഥാനക്കമിറ്റി മുമ്പാകെയെത്തിയത്.
ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കൈക്കൊള്ളുന്ന നയങ്ങളും നിലപാടുകളും തള്ളുന്ന രീതിയില്‍ വിഎസ് പ്രസ്‌താവനകള്‍ നടത്തുന്നതായി യോഗത്തില്‍ പിണറായി വിജയന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് ഉദാഹരണങ്ങളും ഔദ്യോഗിക പക്ഷം നിരത്തി. ഇതേ തുടര്‍ന്നാണ് ഇത്തരം നടപടികളില്‍ നിന്നും വിഎസ് പിന്‍വാങ്ങണമെന്ന് പിബി കര്‍ശന നിര്‍ദ്ദേശം നല്‌കിയത്.
മാധ്യങ്ങളുമായി സംവേദിയ്‌ക്കുമ്പോള്‍ വിഎസ് പ്രകോപിതനാകാന്‍ പാടില്ലെന്ന് കാരാട്ട് ആവശ്യപ്പെട്ടു. പത്രസമ്മേളനങ്ങളും മറ്റും വിവാദങ്ങളില്‍ അവസാനിയ്‌ക്കുന്ന പ്രവണതയാണ് കണ്ടു വരുന്നത്. ഇക്കാര്യത്തില്‍ വിഎസ് ജാഗ്രത പാലിയ്‌ക്കണം. സര്‍ക്കാരിന്റെ നേട്ടങ്ങളും നയങ്ങളുമാണ് ആ വേദികളില്‍ പറയേണ്ടതെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
തന്റെ പ്രൈവറ്റ് സെക്രട്ടറിയായ എസ്. രാജേന്ദ്രനെ നീക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതണമാണെന്നും പാര്‍ട്ടി വക്താക്കള്‍ വ്യക്തമാക്കി.












Click it and Unblock the Notifications