അഭയ കേസ്: മൂന്ന് പ്രതികള്‍ക്കും ജാമ്യം

കര്‍ശനമായ ഉപാധികളോടെയാണ് മൂന്ന് പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചിരിയ്‌ക്കുന്നത്.
ഒരു ലക്ഷം രൂപയുടെ സ്വന്തം ആള്‍ജാമ്യവും തുല്യതുകയ്‌ക്കുള്ള രണ്ടാള്‍ ജാമ്യവും പ്രതികള്‍ കോടതിയില്‍ ഹാജരാക്കണം.
കോടതിയുടെ അനുവാദമില്ലാതെ സ്ഥലപരിധി വിട്ടു പോകാന്‍ പാടില്ല. പാസ്‌പോര്‍ട്ട് കൈവശമുള്ള പ്രതികള്‍ അത് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിയ്‌ക്കണം. ഇതിന് പുറമെ മൂന്ന് പ്രതികളും ടെലിഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശവും കോടതി നല്‌കിയിട്ടുണ്ട്.
കേസിലെ സാക്ഷികളെ സ്വാധീനിയ്‌ക്കുന്ന ശ്രമങ്ങള്‍ നടത്തരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജാമ്യ വ്യവസ്ഥകളില്‍ ഏതെങ്കിലും ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ദിശ മാറിയതായി കേസ് ഡയറിയില്‍ നിന്ന് വ്യക്തമാകുന്നുണ്ടെന്നും എന്നാല്‍ സിസ്റ്റര്‍ സെഫിയുടെ കന്യാകത്വ പരിശോധന അനാവശ്യമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.
ജസ്‌റ്റിസ് ഹേമയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിയ്‌ക്കുന്നത്. നേരത്തെ സിബിഐ ജസ്‌റ്റിസ് ഹേമയെ അഭയ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് ചീഫ് ജസ്റ്റിസിനോട് അപേക്ഷിച്ചിരുന്നു. അഭയ കേസ് അട്ടിമറിയ്‌ക്കുന്ന തരത്തില്‍ ജസ്റ്റിസ് ഹേമ പ്രവര്‍ത്തിയ്‌ക്കുന്നുവെന്നായിരുന്നു സിബിഐയുടെ ആരോപണം. എന്നാല്‍ ഈയാവശ്യം അംഗീകരിയ്‌ക്കപ്പെട്ടിരുന്നില്ല.
പതിനാറ് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് കഴിഞ്ഞ നവംബര്‍ 18നാണ് അഭയക്കേസുമായി ബന്ധപ്പെട്ട് സിബിഐ രണ്ട് വൈദികരെയും ഒരു കന്യാസ്‌ത്രീയേയും കസ്‌റ്റഡിയില്‍ എടുത്തത്. ഇപ്പോള്‍ സബ് ജയിലില്‍ കഴിയുന്ന പ്രതികളെ എറണാകുളം സിജെഎം കോടതി രണ്ടു തവണ റിമാന്‍ഡിലയച്ചിരുന്നു.












Click it and Unblock the Notifications