തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി
കണ്ണൂര്‍: സിപിഎം തിരുവങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗവും തലായ് ബ്രാഞ്ച് സെക്രട്ടറിയുമായ ലതേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം തലശേരിയില്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ പൂര്‍ണം.
സംഘര്‍ഷം ലഘൂകരിയ്‌ക്കാന്‍ ഡിവൈഎസ്‌പി ഓഫീസില്‍ സര്‍വകക്ഷി സമാധാനയോഗം വിളിച്ചിട്ടുണ്ട്. ബുധനാഴ്‌ച വൈകിട്ടാണ് ലതേഷ് കൊല്ലപ്പെട്ടത്. വീടിന് പിന്നിലെ ചക്യാത്ത് കടപ്പുറത്ത് ഇരിയ്‌ക്കുകയായിരുന്ന ലതേഷിനെ ബേംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ആക്രമികള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ചക്യാത്ത് മയ്യഴിക്കാരന്റെ വിട പരേതനായ ജനാര്‍ദ്ദനന്‍-രോഹിണി ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ലതേഷ്. കടപ്പുറത്ത് ഇരിയ്‌ക്കുകയായിരുന്ന ലതേഷിനെ ബോംബെറിഞ്ഞ ശേഷം പിന്തുടര്‍ന്ന് വെട്ടുകയാണുണ്ടായത്.
കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ലതേഷിനെ അവിടെ വെച്ചും വെട്ടി. പരിക്കേറ്റ ലതേഷിനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്‌ക്കാനായില്ല. ആര്‍എസ്‌എസ്-ബിജെപി പ്രവര്‍ത്തകരാണ് ലതേഷിനെ കൊന്നതെന്ന് സിപിഎം ആരോപിച്ചു.
കൊലപാതകത്തെ തുടര്‍ന്ന് പാനൂരിലും തലശേരിയിലും ചക്യാത്ത് മുക്കിലുമായി നടന്ന അക്രമങ്ങളില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു ജനതാദള്‍ പ്രവര്‍ത്തകനും വെട്ടേറ്റു.
സംഘര്‍ഷാവസ്ഥ തുടരുന്ന പ്രദേശങ്ങളില്‍ പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, പാനൂര്‍ മേഖലകളിലെ എട്ടിടങ്ങളില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കണ്ണൂര്‍ കൊലപാതകങ്ങള്‍












Click it and Unblock the Notifications