ആസ്ത്രേലിയയില്‍ ടോപ് ലസ്സ് സണ്‍ബാത്ത് നിരോധിച്ചേയ്‌ക്കും
മെല്‍ബണ്‍: മേല്‍വസ്‌ത്രമില്ലാതെ ആണും പെണ്ണും സൂര്യസ്‌നാനം നടത്തുന്ന ആസ്‌ത്രേലിയയിലെ കടല്‍ത്തീരങ്ങളിലെ സ്ഥിരം കാഴ്‌ചയാണ്. ഇതിനുവേണ്ടിമാത്രമായി ഇവിടത്തെ തീരങ്ങളില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണം വളരെ കൂടുതലാണ്.
എന്നാല്‍ ഇങ്ങനെ മേല്‍വസ്‌ത്രമില്ലാതെ സൂര്യസ്‌നാനം നടത്താനുള്ള അവസരം ഇനി അധികനാള്‍ കിട്ടിയേയ്‌ക്കില്ലെന്ന് സൂചന. നിയമനിര്‍മ്മാണ സഭയിലെ ക്രിസ്‌ത്യന്‍ ഡമോക്രാറ്റിക് അംഗമായ റവറന്റ് ഫ്രഡ് നൈല്‍ ആണ് സ്‌ത്രീകള്‍ മേല്‍വസ്‌ത്രമില്ലാതെ പരസ്യമായി സൂര്യസ്‌നാനം നടത്തുന്നതിനെതിരെ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
പല പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയും ഇക്കാര്യത്തില്‍ നൈലിനുണ്ട്. കിഴക്കന്‍ ആസ്‌ത്രേലിയയിലെ തീരങ്ങളില്‍ വസ്‌ത്രമില്ലാതെ സൂര്യസ്‌നാനം നടത്തുന്നതിനെതിരെ നിയമം കൊണ്ടുവരാനുള്ള ബില്‍ അടുത്തുതന്നെ നൈല്‍ നിയമനിര്‍മ്മാണസഭയില്‍ അവതരിപ്പിക്കും.
കടല്‍ത്തീരത്ത് സൂര്യസ്‌നാനത്തിന്റെ പേരില്‍ സ്‌ത്രീകള്‍ മാറിടം പ്രദര്‍ശിപ്പിക്കുന്നത് നിരോധിക്കപ്പെടേണ്ടതുണ്ടെന്നാണ് നൈല്‍ പറയുന്നത്. എന്നാല്‍ നൈലിന്റെ ഈ ശ്രമത്തിനെതിരെ സൂര്യസ്‌നാന പ്രേമികള്‍ പലയിടത്തുനിന്നായി പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
ഇങ്ങനെ പോയാല്‍ അടുത്തുതന്നെ മുലയൂട്ടലിനും നിരോധനം ഏര്‍പ്പെടുത്തുമോയെന്നാണ് ഇവരില്‍ ചിലര്‍ ചോദിക്കുന്നത്. 1960 മുതലാണ് ആസ്‌ത്രേലിയയിലെ കടല്‍ത്തീരങ്ങളില്‍ ടോപ്പ്‌ലെസ് സൂര്യസ്‌നാനം പതിവ് കാഴ്‌ചയായത്. ക്യൂന്‍സ് ലാന്റ് ഒഴികെയുള്ള പല സ്റ്റേറ്റുകളിലും നൂഡ് ബീച്ചുകള്‍ക്ക് നിയമാനുമതിയുണ്ട്.












Click it and Unblock the Notifications