കോച്ച് ഫാക്ടറിയ്ക്ക് സ്ഥലം കൊടുത്താല്‍ വീട്ടുമുറ്റത്ത് ജോലി
പാലക്കാട്: കഞ്ചിക്കോട് കോച്ച്‌ഫാക്ടറിക്ക് സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് വീട്ടുമുറ്റത്തുതന്നെ തൊഴില്‍ നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. വെള്ളിയാഴ്‌ച പുതുശ്ശേരി ഗ്രാമപ്പഞ്ചായത്തിന്റെ ഓഫീസ്‌കെട്ടിട ഉദ്‌ഘാടനച്ചടങ്ങിനുശേഷമാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് നഷ്ടം സംഭവിക്കുമെന്ന ദുഷ്‌പ്രചരണത്തില്‍ വീഴരുത്. സ്ഥലം കൊടുക്കേണ്ടിവരുന്നവര്‍ക്ക് വീട്, പകരം സ്ഥലം, തൊഴില്‍ എന്നിവ നല്‍കും മുഖ്യമന്ത്രി പറഞ്ഞു.
പുതുശ്ശേരിയില്‍ മുഖ്യമന്ത്രി എത്തുന്നതിന് മുമ്പായി കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് കുടിയിരുപ്പുകളൊഴിവാക്കി സ്ഥലമെടുക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ബാനറുമായി അമ്പതിലേറെ പേര്‍ പഞ്ചായത്തോഫീസിന് മുന്നിലെത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിനുശേഷം അവര്‍ പിരിഞ്ഞുപോയി.
കഞ്ചിക്കോട്ട് നിര്‍ദിഷ്ട റെയില്‍വേ കോച്ച് ഫാക്ടറിക്കായി സ്ഥലമെടുപ്പ് ആരംഭിക്കുമ്പോള്‍ പുതുശ്ശേരി പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുള്‍പ്പെട്ട മുക്രോണി, ചുള്ളിപ്പള്ളം പ്രദേശത്തെ വീട്ടുകാര്‍ ഒഴിഞ്ഞുപോകേണ്ടിവരുമെന്നും നഷ്ടപരിഹാരമായി ലഭിക്കുന്ന തുകകൊണ്ട് ഈ പ്രദേശത്ത് വേറെ വീടുവെക്കാനാവില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.
കഞ്ചിക്കോട് വ്യവസായ മേഖലയ്‌ക്കായി മുമ്പ് സ്ഥലം വിട്ടുകൊടുത്തവരാണ് ഇവരില്‍ നല്ലൊരു പങ്കെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞിരുന്നു.
എന്നാല്‍, ഏറ്റെടുക്കുന്ന സ്ഥലവും ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിസ്‌തൃതിയും സംബന്ധിച്ച് വ്യക്തതയുണ്ടായാലേ ഇത്തരം പരാതികള്‍ക്ക് അടിസ്ഥാനമുണ്ടോ എന്ന് പറയാനാകൂ എന്നാണ് അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications