അഭയ: ഹൈക്കോടതി നിരീക്ഷണം ലാബ് തള്ളി
ബാംഗ്ലൂര്‍: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച സിഡികളെ സംബന്ധിച്ച് ഹൈക്കോടതി ജസ്‌റ്റിസ് കെ. ഹേമ നടത്തിയ പരാമര്‍ശങ്ങള്‍ നാര്‍ക്കോ ലാബ് ഡയറക്ടര്‍ ഡോ. മോഹനന്‍ നിരാകരിച്ചു.
പരിശോധനാഫലം അടങ്ങുന്ന സിഡികളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന നിഗമനത്തിലേക്ക് കോടതി എങ്ങനെ എത്തിചേര്‍ന്നതെന്ന് മനസിലാകുന്നില്ലെന്ന് ഒരു വാര്‍ത്ത ചാനലിന് നല്‌കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍ സിസ്റ്റര്‍ സെഫി എന്നിവര്‍ക്ക് ജാമ്യം അനുവദിക്കവെയാണ് നാര്‍ക്കോ സിഡികളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന് ജസ്‌റ്റിസ് കെ. ഹേമ നിരീക്ഷിച്ചത്.
നാര്‍കോ പരിശോധനയുടെ പൂര്‍ണരൂപം സിഡിയില്‍ ഇല്ല. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടുള്ള രീതിയിലുള്ള പരിശോധന നടന്നിട്ടില്ല. നാര്‍ക്കോ പരിശോധനാ റിപ്പോര്‍ട്ടിലും സിഡിയിലും ഉള്ള കാര്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും കോടതി അഭിപ്രയാപ്പെട്ടിരുന്നു.
എന്നാല്‍ എണ്ണൂറിലധികം നാര്‍ക്കോ പരിശോധനകള്‍ നടത്തിയിട്ടുള്ള ലാബിന് ഇത്തരമൊരു ആരോപണം ആദ്യമായാണ് കേള്‍ക്കേണ്ടി വരുന്നതെന്ന് ഡോ. മോഹനന്‍ പറഞ്ഞു. കേസില്‍ ഒരു വട്ടം ഹൈക്കോടതി സിഡികള്‍ പരിശോധിയ്‌ക്കുകയും തൃപ്‌തി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. അഭയ കേസില്‍ മുമ്പ് വാദം കേട്ടിരുന്ന ജസ്റ്റിസ് വി. രാംകുമാര്‍ ലാബിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിയ്‌ക്കുകയും ചെയ്‌തിരുന്നുവെന്ന് മോഹനന്‍ ചൂണ്ടിക്കാട്ടി.
പരിശോധന നടത്തിയ ഡോ. മാലിനി ഒരു തിരിമറിയും നടത്തിയിട്ടില്ല. ഇത്തരം കോടതി നിരീക്ഷണങ്ങള്‍ ലാബിന്റെ വിശ്വാസ്യതയെ ബാധിയ്‌ക്കും. കോടതി പരാമര്‍ശം സംബന്ധിച്ച് നിയമവിദ്‌ഗ്‌ധരുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications