ഗോവയില്‍ ഡച്ചുകാരിയെ മാനഭംഗപ്പെടുത്തി
പനജി: ഇരുപത്തിനാലുവയസ്സുള്ള ഡച്ചുകാരിയെ നൈജീരിയക്കാരുടെ സംഘം കൂട്ടമാനഭംഗത്തിനിരയാക്കിയതായി പരാതി. പുതുവത്സരത്തലേന്ന് ഗോവയിലെ അന്‍ജുന ബീച്ചിലാണ് സംഭവം നടന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയും അമ്മയും ചേര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ശീതളപാനീയത്തില്‍ മയക്കുമരുന്നുകലര്ത്തി ബോധം കെടുത്തി മാനഭംഗപ്പെടുത്തുകയും പണവും ആഭരണങ്ങളും കവരുകയും ചെയ്തുവെന്നാണ് പരാതി.
യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. ഇതിന്റെ ഫലംവന്നശേഷം മാത്രമേ മാനഭംഗം നടന്നിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ആഭരണങ്ങളും പണവും കവര്ച്ചചെയ്യപ്പെട്ടകാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ ആരെയും അറസ്റ്റുചെയ്തിട്ടില്ല.
ഇതിനിടെ കവര്ച്ചനടന്നുവെന്നല്ലാതെ മാനഭംഗം നടന്നതായി പെണ്‍കുട്ടി പരാതിപ്പെട്ടിട്ടില്ലെന്ന് പൊലീസ് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. നൈജീരിയന്‍ സംഘത്തില്‍ ആറുപേരായിരുന്നു ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പരാതി നല്‍കിയിട്ടുണ്ടെങ്കിലും എവിടെവച്ചാണ് കവര്‍ച്ച നടന്നതെന്നും പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കും വ്യക്തമായി പറയാന്‍ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നുണ്ട്.