അഞ്ച് ഐടി കമ്പനികള്‍ക്ക് ആക്രമണ ഭീഷണി
ബാംഗ്ലൂര്‍: അഞ്ച് പ്രമുഖ ഐടി കമ്പനികള്‍ക്ക് ഇ-മെയിലിലൂടെ ആക്രമണ ഭീഷണി. ബാംഗ്ലൂരിലെ ഇലക്ട്രോണിക് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോസിസ്, വിപ്രോ, അക്‌സഞ്ചര്‍, കേപ് ജമിനി, സോഫ്‌റ്റ്‌വേര്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കാണ് ഇ-മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണിയെത്തുടര്‍ന്ന് ഇലക്‌ട്രോണിക് സിറ്റിയിലെ സുരക്ഷാസംവിധാനം കര്‍ശനമാക്കി.
നിങ്ങള്‍ ഞങ്ങളുടെ നിരീക്ഷണത്തിലാണെന്നും ഏതുസമയവും നിങ്ങള്‍ ആക്രമിക്കപ്പെടാമെന്നുമാണ് സന്ദേശത്തില്‍ പറയുന്നത്. കഴിഞ്ഞ രണ്ടുദിവസമായി ഇത്തരം ഇ-മെയിലുകള്‍ ലഭിക്കുകയാണെന്നും പ്രാഥമിക അന്വേഷണത്തില്‍ അമേരിക്കയില്‍നിന്നാണ് ഇ-മെയിലുകള്‍ അയച്ചിട്ടുള്ളതെന്ന് വ്യക്തമായതായും പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഗോപാല്‍ ഹുസൂര്‍ അറിയിച്ചു.
മുംബൈയിലെ തീവ്രവാദി ആക്രമണ പശ്ചാത്തലത്തില്‍, ഇലക്‌ട്രോണിക് സിറ്റി ഉള്‍പ്പെടെ, നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം സുരക്ഷാസംവിധാനം ശക്തമാക്കിയിട്ടുണ്ട്. പുതിയ ഭീഷണി ഒട്ടുംതന്നെ നിസ്സാരമായി എടുക്കില്ലെന്നും അതിജാഗ്രത പുലര്‍ത്താന്‍ സുരക്ഷാസൈനികര്‍ക്ക് നിര്‍ദേശം നല്‌കിയിട്ടുണ്ടെന്നും ഗോപാല്‍ പറഞ്ഞു.
ഇലക്‌ട്രോണിക് സിറ്റിയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങള്‍ക്കു പുറമേ, കമ്പനികള്‍ സ്വന്തം നിലയ്‌ക്കും സ്വകാര്യ സുരക്ഷാ ഏജന്‍സികളെ നിയോഗിച്ചിട്ടുണ്ട്. വന്‍കിട കമ്പനികളിലെയും ഹോട്ടലുകളിലെയും സ്വകാര്യ സുരക്ഷാഭടന്മാര്‍ക്ക് തോക്ക് ലൈസന്‍സ് നല്‌കുന്നകാര്യം സംസ്ഥാന സര്‍ക്കാര്‍ ആലോചിച്ചുവരികയാണ്.












Click it and Unblock the Notifications