ബിരിയാണി തീര്‍ന്നു: വിവാഹവിരുന്നിനിടെ കൂട്ടത്തല്ല്
ആലപ്പുഴ: വിവാഹവിരുന്നിനിടെ ബിരിയാണി തീര്‍ന്നതിന്റെ പേരില്‍ കൂട്ടത്തല്ല്. അടിപിടിയില്‍ പരിക്കേറ്റ വരന്റെയും വധുവിന്റെയും ബന്ധത്തില്‍പ്പെട്ട നാല് പേരെ പരിക്കുകളോടെ മെഡിക്കല്‍ കോളെഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായെങ്കിലും വിവാഹം തടസം കൂടാതെ നടന്നു.
ആലപ്പുഴ കാര്‍മല്‍ ഹാളില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക് നടന്ന വിവാഹ സദ്യയ്‌ക്കിടെയാണ് കൈയ്യാങ്കളി തുടങ്ങിയത്. സദ്യയ്‌ക്കിടെ ബിരിയാണി തീര്‍ന്നതിനെ ഒരാള്‍ ചോദ്യം ചെയ്‌തു. ഇത് കേട്ടു നിന്ന മറ്റൊരാള്‍ ബക്കറ്റും ചട്ടുകവുമെടുത്ത് ചോദ്യം ചെയ്‌തയാളെ അടിച്ചു. ഇത് കണ്ടു നിന്ന മറ്റുള്ളവരും ഇടപെട്ടതോടെയാണ് കൂട്ടയടി തുടങ്ങിയത്.
ആദ്യം ബഹളമുണ്ടാക്കിയ സംഘം സംഭവം വഷളായതിനെ തുടര്‍ന്ന് മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാറിലെത്തിയ മറ്റൊരു സംഘം ഇവരെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു.
മര്‍ദ്ദനമേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആശുപത്രിയിലെത്തിയും മര്‍ദ്ദനം തുടര്‍ന്നു. ഒടുവില്‍ പോലീസെത്തി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തതോടെയാണ് അടിപിടി അവസാനിച്ചത്.
വരന്റെ സഹോദരന്‍ അവലൂക്കുന്ന് ബ്ലോക്ക് നമ്പര്‍ ഏഴില്‍ സബീര്‍ (26), വെള്ളിക്കിണര്‍ എച്ച് ബി പാടം നൗഫല്‍(25), കമ്പിവളപ്പില്‍ മാളിയേക്കല്‍ ജിജോ(22) ആലിശ്ശേരി വാര്‍ഡില്‍ ഇര്‍ഷാദ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.












Click it and Unblock the Notifications