അഭയ: സിബിഐ ഹര്‍ജി നല്‌കി
കൊച്ചി: അഭയക്കേസിലെ പ്രതികള്‍ക്ക് ജാമ്യമനുവദിച്ച് കൊണ്ട് ജസ്റ്റിസ് കെ. ഹേമ പുറപ്പെടുവിച്ച ഉത്തരവിലെ അവ്യക്തത ഒഴിവാക്കാണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‌കി.
ജസ്‌റ്റിസ് ആര്‍. ബസന്തിന്റെ നിര്‍ദ്ദേശപ്രകാരണമാണ് സിബിഐ ഹര്‍ജി നല്‌കിയിരിക്കുന്നത്. ഹര്‍ജി ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് തന്നെ കോടതി പരിഗണിയ്‌ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
അഭയക്കേസന്വേഷണം കൂടുതല്‍ കഴിവും പരിചയ സമ്പന്നതയും ഉള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാകണമെന്ന ജസ്‌റ്റിസ് കെ. ഹേമയുടെ നിര്‍ദ്ദേശമാണ് സിബിഐയെ ആശയക്കുഴപ്പത്തിലാഴ്‌ത്തിയിരിക്കുന്നത്.
നിലവില്‍ സിബിഐ അസിസ്റ്റന്റ് ഡയറക്ടറും ഐജിയും മേല്‍നോട്ടം വഹിയ്‌ക്കുന്ന കേസ് ഇനി ആരെ ഏല്‌പിയ്‌ക്കുമെന്ന് സംബന്ധിച്ചാണ് അവ്യക്തത ഉണ്ടായിരിക്കുന്നത്. ഇത് മൂലം അന്വേഷണം മരവിച്ചിരിയ്‌ക്കുകയാണെന്ന് സിബിഐ കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച സിഡിയില്‍ സിബിഐ തിരിമറി നടത്തിയെന്ന് കേസില്‍ നേരത്തെ വാദം കേട്ട ജസ്‌റ്റിസ് രാംകുമാര്‍ നിരിക്ഷിച്ചിരുന്നു. എന്നാല്‍ കൃത്രിമം നടത്തിയത് ഫോറന്‍സിക് ലാബിലെ ഡോക്ടര്‍ മാലിനിയാണെന്നാണ് ജസ്റ്റിസ് ഹേമയുടെ നിരീക്ഷണം.
രണ്ട് ജഡ്‌ജിമാരുടെയും ഉത്തരവുകളിലെ വൈരുധ്യം അന്വേഷണം മുന്നോട്ട് കൊണ്ടു പോകുന്നതിനെ ബാധിച്ചിട്ടുണ്ടെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് വാദം കേട്ട ജസ്‌റ്റിസ് ആര്‍ ബസന്ത് അന്വേഷണം തടസ്സമില്ലാതെ മുന്നോട്ടു പോകണമെന്നും അവ്യക്തത എന്തെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി നല്‌കാനും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ പുതിയ ഹര്‍ജി നല്‌കിയിരിക്കുന്നത്.












Click it and Unblock the Notifications