നാദാപുരത്ത് ഹര്‍ത്താല്‍, ബോംബേറ്
കോഴിക്കോട്: ജില്ലയിലെ നാദാപുരം പഞ്ചായത്തില്‍ മുസ്ലിം ലീഗ് ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
യൂത്ത് ലീഗ് പ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനെത്തുടര്‍ന്ന് നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് മുസ്ലിം ലീഗ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.
ചൊവ്വാഴ്‌ച പുലര്‍ച്ചെ പൊലീസ് ബാരക്കിന് നേരെ ബോംബേറുണ്ടായിട്ടുണ്ട്. ആര്‍ക്കും പരുക്കുള്ളതായി റിപ്പോര്‍ട്ടില്ല. കസ്‌റ്റഡിയിലെടുത്ത മുസ്ലിം ലീഗ് പ്രവര്‍ത്തകനെ പൊലീസ് മര്‍ദ്ദിച്ചുവെന്നാണ് ലീഗിന്റെ ആരോപണം.
ഇതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിനിടെ പൊലീസിന് നേരെ കല്ലേറുണ്ടാവുകയും പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്‌തു. കല്ലേറില്‍ ഒട്ടേറെ പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
മുടവന്തേരിയില്‍ ഞായറാഴ്‌ച രാത്രി ബിജെപി നടത്തിയ പ്രകടനത്തിന് നേരെ മുസ്ലീം ലീഗുകാര്‍ കല്ലും സ്‌ഫോടകവസ്‌തുക്കളും എറിഞ്ഞതായി പരാതിയുയര്‍ന്നിരുന്നു. ഇതുമായി ബന്ധമുള്ള പ്രതികളെ അന്വേഷിച്ച് തൂണേരിയില്‍ എത്തിയ പൊലിസ് മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹി എന്‍സി തറുവൈയുടെ മകന്‍ നീലഞ്ചിറ മന്‍സൂറിനെ(32) കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവങ്ങള്‍ തുടങ്ങിയത്.
സ്‌റ്റേഷനില്‍ എത്തിച്ച മന്‍സൂറിന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പൊലീസ് കല്ലാച്ചിയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളെജിലേയ്‌ക്ക് മാറ്റി. പൊലീസ് മര്‍ദ്ദനമാണ് മന്‍സൂറിനെ അവശനാക്കിയതെന്നാണ് ലീഗിന്റെ ആരോപണം.
ഇതിനിടെയാണ് കല്ലാച്ചിയില്‍ നിന്നും നാദാപുരത്തേയ്‌ക്ക് പ്രകടനവും തുടര്‍ന്ന് സംഘര്‍ഷവും ഉണ്ടായത്. പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെ നാട്ടുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.












Click it and Unblock the Notifications