അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു
റായ്‌പൂര്‍: ചോദ്യത്തിന് ഉത്തരം പറയാതിരുന്ന വിദ്യാര്‍ത്ഥിനിയുടെ കണ്ണ് അധ്യാപകന്‍ കുത്തിപ്പൊട്ടിച്ചു. റായ്‌പൂരിലെ ജുരലി ഗ്രാമത്തിലെ സരസ്വതി ശിശുമന്ദിര്‍ സ്‌കൂളിലാണ് സംഭവം നടന്നത്.
അധ്യാപകന്റെ ക്രൂരതയെത്തുടര്‍ന്ന് ആറു വയസ്സുകാരിയായ ശ്വേത പട്ടേലിന്റെ വലതുകണ്ണിന്റെ കാഴ്‌ച നഷ്ടപ്പെട്ടു. ചോദ്യം ചോദിച്ചപ്പോള്‍ കുട്ടി ഉത്തരംനല്‍കിയിരുന്നില്ല. ഇതില്‍ കുപിതനായി അധ്യാപകന്‍ പരശ്‌റാം ഭെയ്‌ന പിന്നുകൊണ്ട് കുട്ടിയുടെ കണ്ണില്‍ കുത്തുകയായിരുന്നുവത്രേ.
അധ്യാപകനെതിരെ പൊലീസ് കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ട്. 2008 നവംബര്‍ 19നാണ് സംഭവം നടക്കുന്നത്. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ ബുധനാഴ്‌ചയാണ് സംഭവം പൊലീസില്‍ അറിയിക്കുന്നത്.
സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയ അധ്യാപകനായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. വൈദ്യപരിശോധനയില്‍ കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്‌ച പൂര്‍ണമായി നഷ്ടപ്പെട്ടതായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ കേസ് നല്‍കിയത്.
കുട്ടിയുടെ ചികിത്സാച്ചെവലുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. കുറ്റംചെയ്‌ത അധ്യാപകനെ അധ്യാപക സമൂഹത്തിന് മൊത്തം പാഠമാകുന്ന തരത്തില്‍ മാതൃകാപരമായി ശിക്ഷിക്കുമെന്ന് ചത്തീസ്‌ഗഡ് വിദ്യാഭ്യാസ മന്ത്രി ബ്രിജ്‌മോഹന്‍ അഗര്‍വാള്‍ പറഞ്ഞു.












Click it and Unblock the Notifications