അഭയ കേസ്: മേല്‍ നോട്ടം ജസ്‌റ്റിസ് ബസന്തിന് തന്നെ
കൊച്ചി: അഭയ കൊലക്കേസിന്റെ അന്വേഷണം നിലവിലുള്ള സിബിഐ സംഘത്തിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണത്തിന്റെ മേല്‍നോട്ടം ജസ്‌റ്റിസ് ആര്‍ ബസന്തിന്റെ നേതൃത്വത്തിലുള്ള ബഞ്ച് തന്നെ നിര്‍വഹിയ്‌ക്കും.
അന്വേഷണം മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം നടത്തണമെന്ന ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി.
കേസിന് മേല്‍നോട്ടം വഹിയ്‌ക്കുന്ന ചുമതല സിബിഐ ജോയിന്റ് ഡയറക്ടര്‍ അശോക് കുമാറും ഡിഐജി കെ. കന്തസ്വാമിയും തുടരും. ഇക്കാര്യങ്ങള്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച ജസ്റ്റിസ് ഹേമയുടെ ബഞ്ചിനെ അറിയിക്കണമെന്നും ജസ്റ്റിസ് ആര്‍. ബസന്ത് വ്യക്തമാക്കി.
പുതിയ ഉത്തരവോടെ സിബിഐയുടെ അന്വേഷണത്തില്‍ നേരിട്ടിരുന്ന തടസം നീങ്ങിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന സിബിഐ എസ് പി നന്ദകുമാര്‍ നായര്‍ കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെ അന്വേഷണം തുടരണമെന്ന് കോടതി ആവശ്യപ്പെട്ടു.
നിലവിലുള്ളതിനെക്കാള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിയ്‌ക്കണമെന്നായിരുന്നു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു കൊണ്ട് ജസ്‌റ്റിസ് ഹേമ നിര്‍ദ്ദേശിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് സിബിഐ അന്വേഷണം മരവിച്ചത്.
പ്രതികളുടെ നാര്‍ക്കോ പരിശോധന ചിത്രീകരിച്ച സിഡികളെപ്പറ്റിയുള്ള ഉത്തരവുകളെ സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന് എന്ത് നിലപാട് എടുക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications