സമരം തുടരുന്നു: ഇന്ധനക്ഷാമം രൂക്ഷം
ദില്ലി/കൊച്ചി: ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടുള്ള എണ്ണക്കമ്പനി ഓഫീസര്‍മാരുടെ സമരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമായി.
ഇന്ധന വിതരണം വെള്ളിയാഴ്‌ച കൂടി സ്‌തംഭിച്ചാല്‍ സംസ്ഥാനത്തെ 1800ലധികം വരുന്ന പമ്പുകള്‍ അടയ്‌ക്കേണ്ടി വരുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് വ്യക്തമാക്കി.
രണ്ട് ദിവസമായി തുടരുന്ന സമരത്തെ തുടര്‍ന്ന് ഭൂരിഭാഗം പമ്പുകളും വ്യാഴാഴ്‌ച തന്നെ പൂട്ടിയിരുന്നു. പമ്പുകള്‍ പൂട്ടുമെന്ന് മനസ്സിലാക്കി ഇന്ധനം ശേഖരിയ്‌ക്കാന്‍ വാഹനയുടമകള്‍ ശ്രമിച്ചത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കി.
വ്യാഴാഴ്‌ച വൈകിട്ട് പമ്പുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. സ്വകാര്യബസുകളില്‍ പലതും ഓട്ടം നിര്‍ത്തിയിട്ടുണ്ട്. സമരം തുടര്‍ന്നാല്‍ വ്യോമഗതാഗതവും സ്‌തംഭിയ്‌ക്കുമെന്ന് സൂചനയുണ്ട്.
അതിനിടെ സമരക്കാരും സര്‍ക്കാരും വ്യാഴാഴ്‌ച രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ ഒത്തു തീര്‍പ്പിലെത്താനായില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സര്‍തക് ബെഹൂറിയ പറഞ്ഞു. ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിയ്‌ക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തതിനാല്‍ സമരം തുടരുകയാണ് സമരക്കാര്‍ പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി പെട്രോളിയം മന്ത്രി മുരളി ദേവ്‌റ വെള്ളിയാഴ്‌ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും.












Click it and Unblock the Notifications