അഭയ: ഹേമ പരിധി ലംഘിച്ചെന്ന് ലോയേഴ്സ് അസോസിയേഷന്‍
കൊച്ചി: അഭയ കേസില്‍ അറസ്റ്റിലായ വൈദികര്‍ക്കും കന്യാസ്ത്രീയ്ക്കും ജാമ്യം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവില്‍ ഹൈക്കോടതി പരിധി ലംഘിച്ചതായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് എ. ജയശങ്കര്‍ ആരോപിച്ചു.
ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിന് അംഗീകൃത മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേ കോടതി നടത്തിയ അഭിപ്രായ പ്രകടനങ്ങളും വിധിയിലെ നിരീക്ഷണങ്ങളും തികച്ചും അനുചിതമാണെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ തെളിവുകള്‍ വിലയിരുത്താനോ അനാവശ്യ അഭിപ്രായ പ്രകടനങ്ങള്‍ നടത്താനോ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ അഭയകേസിലെ ജാമ്യ ഹര്‍ജി തീര്‍പ്പാക്കവേ ജസ്റ്റിസ് കെ. ഹേമ അന്വേഷണ ഉദ്യോഗസ്ഥര്‍, സിബിഐ അഭിഭാഷകന്‍, മാധ്യമങ്ങള്‍, നാര്‍ക്കോ അനാലിസിസ് നടത്തിയ ലാബോറട്ടറി എന്നിവര്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും അപ്രസക്തവും കേസന്വേഷണം തകിടം മറിക്കുന്നതുമാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി
പ്രതികള്‍ക്ക് ജാമ്യം നല്‍കാനുള്ള വ്യഗ്രതയില്‍ പരാതിക്കാര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രോസിക്യൂട്ടര്‍ക്കും നീതി നിഷേധിച്ചിരിക്കുകയാണെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. മാധ്യമങ്ങളെ കുറ്റപ്പെടുത്തിയത് അനീതിയാണെന്നും ജയശങ്കര്‍ പറഞ്ഞു.












Click it and Unblock the Notifications