എണ്ണക്കന്പനി സമരം തീന്നു, ട്രക്ക് സമരം തുടരുന്നു
ദില്ലി: പൊതുമേഖലാ എണ്ണക്കമ്പനികളിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ശമ്പളവര്‍ധന ആവശ്യപ്പെട്ട് ബുധനാഴ്‌ച ആരംഭിച്ച പണിമുടക്ക് വെള്ളിയാഴ്‌ച വൈകുന്നേരം അവസാനിപ്പിച്ചു.
അവശ്യ സേവന സംരക്ഷണ നിയമവും (എസ്‌മ), ദേശീയ സുരക്ഷാ നിയമവും പണിമുടക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രയോഗിക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനൊപ്പംതന്നെ പണിമുടക്കിയ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പുറത്താക്കിത്തുടങ്ങുകയും ചെയ്തിരുന്നു. ഇതാണ് സമരം അവസാനിപ്പിക്കാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതരാക്കിയത്.
തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്‌ര ഉറപ്പുനല്‌കിയതിനാല്‍ സമരം പിന്‍വലിക്കുകയാണെന്ന് ഓയില്‍ സെക്ടര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അമിത്‌കുമാര്‍ വ്യക്തമാക്കി.
ഒഎന്‍ജിസിലെയും ഗെയിലിലെയും ജീവനക്കാരും സമരത്തില്‍ നിന്ന് പിന്മാറിയതായി ഇരുയൂണിയനുകളുടെയും വക്താക്കള്‍ അറിയിച്ചു. പണിമുടക്കിയ എണ്ണ-പ്രകൃതിവാതക കോര്‍പ്പറേഷനിലെ 64 ഉദ്യോഗസ്ഥരെയും ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഒന്‍പതുപേരെയും പുറത്താക്കിയതായി പെട്രോളിയം മന്ത്രി മുരളി ദിയോറ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
തിങ്കളാഴ്‌ചയോടെ രാജ്യത്തെ ഇന്ധനനീക്കം സാധാരണനിലയാകുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സര്‍ത്തക് ബുരിയ അറിയിച്ചു. മെട്രോ നഗരങ്ങളിലെ പമ്പുകളില്‍ വെള്ളിയാഴ്‌ച രാത്രിതന്നെ പെട്രോളും ഡീസലും എത്തിത്തുടങ്ങിയിട്ടുണ്ട്.
വെള്ളിയാഴ്‌ച രാവിലെ യോഗം ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ 'ക്രൈസിസ് മാനേജ്‌മെന്റ് കമ്മിറ്റി'യും പണിമുടക്കിനെ കര്‍ശനമായി നേരിടാന്‍ തീരുമാനിച്ചിരുന്നു. എണ്ണനീക്കത്തിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സൈന്യത്തിന്റെ സഹായം തേടാന്‍ വെള്ളിയാഴ്‌ച രാവിലെ നടന്ന കേന്ദ്രമന്ത്രിസഭാ യോഗവും തീരുമാനമെടുക്കുകയുണ്ടായി.
ട്രക്ക് സമരം അനിശ്ചിതമായി തുടരുന്നു
ഇതിനിടെ ട്രക്ക് സമരം അനിശ്ചിതമായി തുടരുകയാണ്. അവശ്യ സേവന നിയമപ്രകാരം (എസ്മ) ട്രക്കുടമകളുടെ സംഘടനാ നേതാക്കളെ അറസ്റ്റു ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് പ്രസിഡന്റ് ചരണ്‍സിങ് ലോറ, സെക്രട്ടറി എസ്. വേണുഗോപാല്‍ എന്നിവരുള്‍പ്പെടെ മുപ്പതിലേറെ മുതിര്‍ന്ന നേതാക്കളെ ദില്ലി പൊലീസ് അറസ്റ്റു ചെയ്തു.
അവശ്യവസ്തുക്കളുടെ വിതരണത്തിനായി 20 ലക്ഷത്തോളം വാഹനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സമരത്തില്‍ പങ്കെടുക്കുന്ന ട്രക്കുകള്‍ പിടിച്ചെടുത്തും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചുമായിരിക്കും ഈ സര്‍വീസുകള്‍ നടത്തുകയെന്നു ഗതാഗത സെക്രട്ടറി ബ്രഹ്മദത്ത് വ്യക്തമാക്കി.
പെര്‍മിറ്റില്ലാതെ തന്നെ സ്വകാര്യ വാഹനങ്ങളില്‍ ചരക്കുനീക്കം നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളോടും എസ്മ പ്രയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.












Click it and Unblock the Notifications