ബിഎംഎസ് പ്രവര്‍ത്തകന് വെട്ടേറ്റു; കണ്ണൂരില്‍ ഹര്‍ത്താല്‍
കണ്ണൂര്‍: ബിഎംഎസ് ജില്ലാ സെക്രട്ടറിയ്‌ക്ക് വെട്ടേറ്റു. ഗുരുതരമായ പരുക്കുകളോടെ ബിഎംഎസ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ പി ജ്യോതിര്‍മനോജിനെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാഷ്ട്രീയ വിഷയങ്ങളില്‍ ട്രേഡ് യൂണിയന്‍ നേതാക്കളെ ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ബിഎംഎസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഹര്‍ത്താലിനെത്തുടര്‍ന്ന് കണ്ണൂര്‍ സര്‍വ്വകലാശാല തിങ്കളാഴ്‌ച നടത്താനിരുന്ന എല്ലാ പരീക്ഷകളും ജനുവരി 17ലേയ്‌ക്ക് മാറ്റിവച്ചു. ഞായറാഴ്‌ച രാത്രി മാഹിയിലെ പന്തയ്‌ക്കല്‍ വയല്‍പീടികയ്‌ക്ക് സമീപത്തുവച്ചാണ് മനോജ് ആക്രമിക്കപ്പെട്ടത്.
പാനൂരില്‍ ചുമട്ട് തൊഴിലാളിയായ മനോജിന് 38 വയസ്സുണ്ട്. നെഞ്ചിലും പുറത്തും രണ്ടു കൈകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. വെട്ടേറ്റ ഉടനെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലേയ്‌ക്ക് മാറ്റുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മുകാരാണെന്നാണ് ബിജെപി ആരോപിക്കുന്നത്.












Click it and Unblock the Notifications