സത്യം തട്ടിപ്പ് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു
ദില്ലി: സത്യം കമ്പ്യൂട്ടേര്‍സില്‍ നടന്ന അഴിമതിയെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്(സിഎഫ്‌ഐഒ) ആണ് അന്വേഷണം നടത്തുക. ഗൗരവമേറിയ സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന ഏജന്‍സിയാണ് സിഎഫ്‌ഐഒ.
മൂന്നു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിഎഫ്‌ഐഒയ്‌ക്ക് നിര്‍ദ്ദേശം നല്‍കിയതായി കോര്‍പ്പറേറ്റ്‌കാര്യമന്ത്രി പ്രേംചന്ദ് ഗുപ്‌ത പറഞ്ഞു. ഹൈദരാബാദിലെ കമ്പനി രജിസ്‌ട്രാറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
സത്യത്തിന്റെ രേഖകള്‍ പരിശോധിച്ച ശേഷമാണ് രജിസ്‌ട്രാര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. സത്യത്തിന്റെ ഓഡിറ്റിങ് ജോലികള്‍ ചെയ്‌തിരുന്ന പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പേസ് അഴിമതി നടത്തിയതായി തെളിഞ്ഞാല്‍ അവര്‍ക്കെതിരെയും ശക്തമായ നടപടികളുണ്ടാകും.
ഇതിനിടെ സത്യത്തിന്റെ താല്‍ക്കാലിക സിഇഒ രാം മൈനാംപതി അറസ്റ്റിലായെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കമ്പനി വക്താവ് അറിയിച്ചു. ചില ഇടപാടുകാരുമായി കൂടിക്കാഴ്‌ച നടത്താനായി ഇദ്ദേഹം അമേരിക്കയില്‍ പോയതാണെന്നും ഡയറക്ടര്‍ ബോര്‍ഡുമായി അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കമ്പനി വക്താവ് വ്യക്തമാക്കി.












Click it and Unblock the Notifications