സത്യം 48 മണിക്കൂറിനുള്ളില്‍ പുതിയ ഓഡിറ്റര്‍മാരെ നിയമിക്കും
ഹൈദരാബാദ്. സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേര്‍സിന് 48 മണിക്കൂറിനുള്ളില്‍ പുതിയ ഓഡിറ്റര്‍മാരെ നിയമിക്കുമെന്ന് പുതിയ ഡയറക്ടര്‍ ബോര്‍ഡ് പ്രഖ്യാപിച്ചു.
ഡിസംബര്‍ 31ന് അവസാനിച്ച ത്രൈമാസത്തിലെ പ്രവര്‍ത്തനഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിനായാണ് എത്രയും പെട്ടന്ന് പുതിയ ഓഡിറ്റര്‍മാരെ നിയമിക്കുന്നത്. തിങ്കളാഴ്‌ച ചേര്‍ന്ന യോഗത്തിന് ശേഷം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ദീപക് പരേഖ്, കിരണ്‍ കാര്‍നിക്, എം അച്യുതന്‍ എന്നിവര്‍ വൈകീട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
പുതിയ ചെയര്‍മാനെ നിയമിക്കുന്നതിനെക്കുറിച്ച് തീരുമാനിക്കുന്നത് മാറ്റിവയ്‌ക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. കമ്പനിയുടെ ഇപ്പോഴത്തെ മാനേജ്‌മെന്റ് തുടരില്ലെന്ന് വ്യക്തമാക്കിയ ദീപക് പരേഖ് സത്യത്തിന് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെയും അന്വേഷിക്കുന്നുണ്ടെന്നും അറിയിച്ചു.
നിര്‍ണായക നിയമനങ്ങളെന്ന നിലയില്‍ പുതിയ ആളുകള്‍ക്കാണ് മുന്‍ഗണന നല്‍കുക. നിലവില്‍ രണ്ടു തസ്‌തികകളിലേയ്‌ക്കും ആരുടെയും പേര് പരിഗണനയിലില്ലെന്നും ദീപക് വ്യക്തമാക്കി.
കണക്കുകള്‍ പരിശോധിക്കാനായി സ്വതന്ത്ര അക്കൗണ്ടിങ് സ്ഥാപനത്തെ ചുമതലയേല്‍പ്പിക്കുകയാണ് ബോര്‍ഡിന്റെ ആദ്യ ലക്ഷ്യം. പ്രശസ്‌തമായ രണ്ടുകമ്പനികളുമായി ഇക്കാര്യം സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. മികച്ച സാമ്പത്തിക സ്ഥിതിയുള്ള സ്ഥിരം ഇടപാടുകാര്‍ക്ക് ഇളവുകള്‍ നല്‌കി പ്രതിഫലം മുന്‍കൂര്‍ വാങ്ങി ധനലഭ്യത മെച്ചപ്പെടുത്താനാണ് ശ്രമം- ദീപക് അറിയിച്ചു.
വെല്ലുവിളി നിറഞ്ഞ പ്രശ്‌നങ്ങളുടെ അടിയന്തര പ്രധാന്യം കണക്കിലെടുത്ത് വരും മാസങ്ങളില്‍ ബോര്‍ഡ് ഇടക്കിടെ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications