തെറ്റുകള്‍ അംഗീകരിക്കുന്നു: ബുഷ്
വാഷിങ്‌ടണ്‍: എട്ടുവര്‍ഷം നീണ്ട ഭരണത്തിനിടെ തെറ്റുകള്‍സംഭവിച്ചതായി അംഗീകരിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ്. എന്നാല്‍ തന്റെ ഭരണകാലത്ത് അമേരിക്കയുടെ ധാര്‍മിക മൂല്യം തകര്‍ന്നതായി കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു
ചൊവ്വാഴ്‌ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബുഷ് തെറ്റുകള്‍ ഏറ്റുപറഞ്ഞത്. പ്രസിഡന്റെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവസാനത്തെ വാര്‍ത്താസമ്മേളനമാണിത്.
ലോക ജനതയില്‍ അധികവും അമേരിക്കയെ ബഹുമാനിക്കുന്നു. അമേരിക്കയുടെ ധാര്‍മിക മൂല്യം തകര്‍ന്നുവെന്ന വാദത്തോട് യോജിക്കുന്നില്ല. ആഫ്രിക്കയിലോ ഇന്ത്യയിലോ ചൈനയിലോ അന്വേഷിച്ചാല്‍ അമേരിക്കയുടെ വില എന്താണെന്നറിയാം- അദ്ദേഹം പറഞ്ഞു.
ലോകജനതയ്‌ക്കുമുന്നില്‍ തകര്‍ന്നുപോയ അമേരിക്കയുടെ പ്രതിഛായ തിരിച്ചെടുക്കുമന്നുള്ള നിയുക്ത പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്‌താവനകള്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായിട്ടാണ് ബുഷ് ഇത്രയും പറഞ്ഞത്. ഇറാഖില്‍ യുസ് സ്വീകരിച്ച പല നടപടികളും തെറ്റിപ്പോയെന്നും ബാഗ്‌ദാദില്‍ സേന കടന്നുകയറിയത് ശരിയായില്ലെന്നും ബുഷ് സമ്മതിച്ചു.
കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളോട് തന്റെ ഭരണകൂടം വളരെ പെട്ടെന്ന് പ്രതികരിച്ചിട്ടുണ്ട്. അതിനെതിരായ പ്രചാരണങ്ങള്‍ അംഗീകരിക്കുന്നില്ല. തീവ്രവാദത്തില്‍ നിന്നും എന്റെ ഭരണകൂടം അമേരിക്കയെ രക്ഷിച്ചു. വൈറ്റ് ഹൗസ് വിട്ടാലും കൂടുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും- അദ്ദേഹം അറിയിച്ചു.
വ്യാഴാഴ്‌ച രാത്രിയിലാണ് ബുഷിന്റെ വിടവാങ്ങല്‍ പ്രസംഗം. പ്രസംഗം വിവിധ മാധ്യമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യും. വൈറ്റ്‌ഹൗസില്‍ നടക്കുന്ന വിടവാങ്ങല്‍ ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ പങ്കെടുക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബരാക് ഒബാമ ജനുവരി 20നാണ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്.












Click it and Unblock the Notifications