പാകിസ്‌താനുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിയ്‌ക്കേണ്ടിവരും: ചിദംബരം
ദില്ലി: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹകരിച്ചില്ലെങ്കില്‍ പാകിസ്‌താനുമായുള്ള വാണിജ്യ, ഗതാഗത ബന്ധങ്ങള്‍ വിച്ഛേദിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി പി. ചിദംബരം മുന്നറിയിപ്പ് നല്‍കി.
ചൊവ്വാഴ്‌ച ലണ്ടനില്‍ ടൈംസ് ഡെയ്‌ലിയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്‌താന്റെ നടപടികളെ ചിദംബരം രൂക്ഷമായി വിമര്‍ശിച്ചത്.
ഇന്ത്യയും പാകിസ്‌താനും തമ്മില്‍ ഒട്ടേറെ ബന്ധങ്ങളുണ്ട്. മുംബൈ ആക്രമണത്തിലെ കുറ്റക്കാരെ പിടികൂടാനുള്ള അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ഈ ബന്ധങ്ങള്‍ ദുര്‍ബലമാവുകയും ഒരു ദിവസം ഇല്ലാതാവുകയും ചെയ്യും- അദ്ദേഹം പറഞ്ഞു.
അന്വേഷണത്തെ സഹായിക്കാന്‍ പാകിസ്‌താന്‍ എന്തുചെയ്‌തുവെന്ന ചോദ്യത്തിന് പൂജ്യം എന്നായിരുന്നു ചിദംബരത്തിന്റെ മറുപടി. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ലഷ്‌കര്‍ ഇ തൊയ്‌ബ പ്രവര്‍ത്തകരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാകിസ്‌താന്‍ ഒന്നും ചെയ്യുന്നില്ല.
പാകിസ്‌താനില്‍ നിന്നുള്ള ഭീകരവാദികളുടെ പങ്ക് വ്യക്തമാക്കുന്ന എല്ലാ തെളിവുകളും ഇന്ത്യ കൈമാറിയിട്ടും പാകിസ്‌താന്‍ ഒരു നടപടിയും സ്വീകരിച്ചില്ല- ചിദംബരം കുറ്റപ്പെടുത്തി.
അതേസമയം ഇന്ത്യ നല്‍കിയിരിക്കുന്നത് തെളിവുകളല്ലെന്നും ചില വിവരങ്ങള്‍ മാത്രമാണെന്നും പാകിസ്‌താന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി ചൊവ്വാഴ്‌ച ദേശീയ അസംബ്ലിയില്‍ പറഞ്ഞു. ഭീകരാക്രമണത്തില്‍ നടപടിയെടുക്കാന്‍തക്ക തെളിവുകള്‍ ഇന്ത്യ നല്‍കിയിട്ടില്ല പാകിസ്‌താന്‍ ഇതുസംബന്ധിച്ച് സ്വതന്ത്രമായി അന്വേഷണം നടത്തുന്നുണ്ട്.
അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഇന്ത്യ കാത്തിരിക്കണം. അന്വേഷണഫലം പങ്കുവയ്‌ക്കാന്‍ പാകിസ്‌താന്‍ തയ്യാറാണ്. സംയുക്ത അന്വേഷണം എന്ന നിര്‍ദ്ദേശത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല- ഗിലാനി പറഞ്ഞു.












Click it and Unblock the Notifications