അബ്ദുള്ളക്കുട്ടിയോട് സിപിഎം വിശദീകരണം തേടി
കണ്ണൂര്‍: വ്യവസായ വികസനത്തില്‍ നരേന്ദ്രമോഡിയെ മാതൃകയാക്കണമെന്ന അഭിപ്രായത്തില്‍ എ.പി അബ്ദള്ളക്കുട്ടി എംപിയോട് സിപിഎം നേതൃത്വം വിശദീകരണം തേടി. ഗള്‍ഫില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് വികസനകാര്യത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ മാതൃകയാക്കണമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞത്.
പ്രസ്‌താവന നടത്തിയ കാര്യം ശരിയായിരുന്നോയെന്ന് അന്വേഷിച്ച് വിശദീകരണം ചോദിക്കുകയും ആവശ്യമെങ്കില്‍ തിരുത്തിക്കുകയും ചെയ്യുമെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. ജനുവരി മൂന്നിന് ജില്ലാ കമ്മിറ്റി അബ്ദുള്ളക്കുട്ടിയില്‍ നിന്ന് രേഖാമൂലം വിശദീകരണം തേടാന്‍ തീരുമാനിച്ചിരുന്നു.
ഇതനുസരിച്ച് ജനുവരി ആറിന് അദ്ദേഹത്തിന് കത്ത് കത്ത് നല്‍കി. എംപിയുടെ ഓഫീസില്‍ കത്ത് നല്‍കുകയും പാര്‍ട്ടി കത്ത് സ്വീകരിക്കണമെന്ന് ഓഫീസ് സെക്രട്ടറി വഴി അറിയിക്കകുയും ചെയ്‌തു. പക്ഷേ കത്ത് അബ്ദുള്ളക്കുട്ടി കൈപ്പറ്റയിട്ടില്ല. കത്തിലെ വിവരം ചോദിച്ചറിയുകമാത്രമാണ് ചെയ്‌തത്.
ഇതിന് ശേഷം ഐടി സ്റ്റാന്റിങ് കമ്മിറ്റി സിറ്റിങില്‍ പങ്കെടുക്കാന്‍ അദ്ദേഹം ദില്ലിയ്‌ക്ക് പോവുകയും ചെയ്‌തു. പാര്‍ട്ടിയ്‌ക്ക് ഒരാഴ്‌ചയ്‌ക്കുള്ളില്‍ വിശദീകരണം നല്‍കണമെന്ന അന്ത്യശാസനത്തിന്റെ അവധി ചൊവ്വാഴ്‌ച അവസാനിച്ചു. ദില്ലിയില്‍ നിന്നും അബ്ദുള്ളക്കുട്ടി 15ന് തിരിച്ചെത്തുമെന്നാണ് ഓഫീസില്‍ അറിയിച്ചിരിക്കുന്നത്. പിറ്റേന്നുതന്നെ നേതൃത്വത്തിന് വിശദീകരണം നല്‍കുമെന്നാണ് വിവരം.
എന്നാല്‍ ഗള്‍ഫില്‍ പ്രസ്‌താവന നടത്തി തിരിച്ചെത്തി പത്തുദിവസം കഴിഞ്ഞിട്ടും അദ്ദേഹം പറഞ്ഞകാര്യം തിരുത്താന്‍ തയ്യാറായിട്ടില്ല. മാത്രമല്ല മോഡി നടത്തിയ ന്യൂനപക്ഷ വേട്ടയോടുള്ള അമര്‍ഷവും പ്രതിഷേധവും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് വ്യവസായ വികസനം മാതൃകയാക്കണമെന്ന് താന്‍ പറഞ്ഞതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
താന്‍ പറഞ്ഞതിന് ഉദ്ദേശിക്കാത്ത വ്യാഖ്യാനം ആരെങ്കിലും കൊടത്തിട്ടുണ്ടെങ്കില്‍ അവരാണ് വിശദീകരണം നല്‍കണമെന്നാണത്രേ അദ്ദേഹം പറയുന്നത്. പാര്‍ട്ടി നയത്തിന് വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും ഇക്കാര്യത്തില്‍ വിശദീകരണം രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ നല്‍കണമെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറി പി. ശശി നല്‍കിയ കത്തിലെ ഉള്ളടക്കം. മയ്യില്‍ ഏരിയാ കമ്മിറ്റിയ്‌ക്കാണ് അബ്ദുള്ളക്കുട്ടി വിശദീകരണം നല്‍കേണ്ടത്.
സിപിഎം ജില്ലാ നേതൃത്വത്തിന് അനഭിമതനായ അദ്ദേഹത്തിന്റെ പേരില്‍ നേരത്തെ രണ്ടുതവണ പാര്‍ട്ടി അച്ചടക്ക നടപടി എടുത്തിരുന്നു. പാര്‍ട്ടിയുമായി ആലോചിക്കാതെ ബിസിനസ് പാര്‍ട്ണര്‍ഷിപ്പില്‍ പങ്കാളിയായതിന്റെ പേരില്‍ തരംതാഴ്ത്തപ്പെട്ടു. വീണ്ടും ഏരിയാ കമ്മിറ്റിയില്‍ തിരിച്ചെത്തിയ അദ്ദേഹത്തെ ഹര്‍ത്താലിനെ എതിര്‍ത്തു സംസാരിച്ചതിനു പരസ്യമായി ശാസിച്ചിരുന്നു.












Click it and Unblock the Notifications