സത്യത്തിനായി പ്രത്യേക സാമ്പത്തിക പാക്കേജില്ല
ദില്ലി: പ്രതിസന്ധിയിലകപ്പെട്ട സത്യം കമ്പ്യൂട്ടേഴ്‌സിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ പ്രത്യേക സാമ്പത്തിക രക്ഷാപദ്ധതിയ്‌ക്ക് രൂപം നല്‌കാന്‍ ഉദ്ദേശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അതേ സമയം സ്ഥാപനത്തിലെ ജീവനക്കാരുടെ താത്‌പര്യങ്ങളെ സംരക്ഷിയ്‌ക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അശ്വനി കുമാര്‍ പറഞ്ഞു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് സത്യത്തിന്റെ പുതിയ ഡയറക്ടര്‍ ബോര്‍ഡാണെന്നും മന്ത്രി പറഞ്ഞു. പെട്രോടെക് 2009ല്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അശ്വനി കുമാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
സാമ്പത്തിക തട്ടിപ്പ് പുറത്തായതോടെ തകര്‍ച്ചയിലാണ്ട സത്യത്തെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 2,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജിന് രൂപം നല്‌കിയതായി നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.
സത്യം പ്രതിസന്ധിയെക്കുറിച്ചുള്ള കാര്യങ്ങള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിന് ശേഷമാണ് ഇത്തരമൊരു അഭ്യൂഹം പ്രചരിച്ചത്. ജനങ്ങളുടെ നികുതിപ്പണം ഇത്തരമൊരു കാര്യത്തിന് വിനിയോഗിക്കാനുള്ള നീക്കത്തിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications