കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അബ്ദുള്ളക്കുട്ടിയ്‌ക്ക്‌ സസ്‌പെന്‍ഷന്‍

  • By Staff
Google Oneindia Malayalam News

Abdhullakutty
കണ്ണൂര്‍: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വികസന നയങ്ങളെ വാനോളം പുകഴ്‌ത്തി പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ തിരിഞ്ഞ കണ്ണൂര്‍ എംപി എപിഅബ്ദുള്ളക്കുട്ടിയെ സിപിഎം സസ്‌പെന്റ്‌ ചെയ്‌തു. മയ്യില്‍ ഏരിയ കമ്മിറ്റിയാണ്‌ ഒരു വര്‍ഷത്തേക്ക്‌ അബ്ദുള്ളക്കുട്ടിയെ സസ്‌പെന്റ്‌ ചെയ്‌തിരിക്കുന്നത്‌.

കഴിഞ്ഞ മാസം ദുബായ്‌ മീഡിയാ ഫോറത്തില്‍ നടന്ന പത്രസമ്മേളനത്തിനിടെ മോഡിയുടെ വികസന നയങ്ങളെ പുകഴ്‌ത്തിയ അദ്ദേഹത്തിന്റെ നടപടി സിപിഎമ്മിനുള്ളില്‍ വ്യാപകമായ എതിര്‍പ്പ്‌ സൃഷ്ടിച്ചിരുന്നു.

അബ്ദുള്ളക്കുട്ടിയുടെ അംഗീകാരം മോഡി കാര്യമായി എടുക്കുകയും പൊതുചടങ്ങില്‍ ഇത്‌ പരാമര്‍ശിക്കുകയും ചെയ്‌തതോടെ സംഭവം ദേശീയ മാധ്യമങ്ങള്‍ വന്‍വാര്‍ത്തയാക്കി മാറ്റിയിരുന്നു. ഇതോടെ പ്രസ്‌താവ സംബന്ധിച്ച്‌ വിശദീകരണം നല്‌കണമെന്ന്‌ സിപിഎം അബ്ദുള്ളക്കുട്ടിയോട്‌ ആവശ്യപ്പെടുകയായിരുന്നു.

ഇത്‌ പ്രകാരം വെള്ളിയാഴ്‌ച പാര്‍ട്ടിയ്‌ക്ക്‌ മറുപടി നല്‌കിയ ശേഷം അബ്ദുള്ളക്കുട്ടി സിപിഎമ്മിന്‌ നല്‌കിയ കത്ത്‌ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ പരസ്യമാക്കുകയും ചെയ്‌തിരുന്നു.

ഇതിന്‌ പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎമ്മിനെ പ്രകോപിപ്പിയ്‌ക്കുന്ന തരത്തിലായിരുന്നു അദ്ദേഹം പ്രസ്‌താവന നടത്തിയത്‌. ഇതേ തുടര്‍ന്നാണ്‌ സിപിഎം നേതൃത്വം ദ്രുതഗതിയില്‍ അച്ചടക്ക നടപടികള്‍ സ്വീകരിയ്‌ക്കാന്‍ തീരുമാനിച്ചത്‌.

കഴിഞ്ഞ കുറച്ചു കാലമായി പാര്‍ട്ടിയെ അലോസരപ്പെടുത്തുന്ന പ്രവൃത്തികളിലേര്‍പ്പെടുന്ന അബ്ദുള്ളക്കുട്ടിയ്‌ക്ക്‌ സ്വയം ഒഴിഞ്ഞു പോകാനുള്ള അവസരമാണ്‌ സിപിഎം ഇപ്പോള്‍ നല്‌കിയിരിക്കുന്നത്‌.

രണ്ട്‌ മാസം മുമ്പ്‌ മുസ്ലീം ലീഗ്‌ നേതാക്കളെ വീട്ടില്‍ പോയി സന്ദര്‍ശിച്ച സംഭവം ഏറെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു. ലീഗിലേക്ക്‌ കടന്നുകയറാന്‍ അബ്ദുള്ളക്കുട്ടി ശ്രമിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക്‌ ശക്തി പകരുന്നതായിരുന്നു ഈ കൂടിക്കാഴ്‌ച.

സിപിഎമ്മില്‍ നിന്നും ഒഴിഞ്ഞു പോകുന്നതിന്‌ പകരം പാര്‍ട്ടിയുടെ അച്ചടക്ക നടപടിയിലൂടെ ലഭിയ്‌ക്കുന്ന രക്തസാക്ഷി പരിവേഷത്തോടെ പുറത്തു കടക്കാനാണ്‌ അബ്ദുള്ളക്കുട്ടി ശ്രമിച്ചിരുന്നത്‌. ഇപ്പോഴുണ്ടായ വിവാദങ്ങള്‍ പോലും ഇതിന്റെ ഭാഗമായി അദ്ദേഹം കരുതിക്കൂട്ടി സൃഷ്ടിച്ചതാണെന്നാണ്‌ രാഷ്ട്രീവിദഗ്‌ദ്ധര്‍ കരുതുന്നത്‌. ഇതായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ലക്ഷ്യമെങ്കില്‍ അതിലേക്ക്‌ അദ്ദേഹം എത്തിയെന്ന്‌ തന്നെ കരുതേണ്ടി വരുമെന്ന്‌ രാഷ്ട്രീയവൃത്തങ്ങള്‍ ചൂണ്ടിക്കാണിയ്‌ക്കുന്നു.

ഇതാദ്യമായല്ല അബ്ദുള്ളക്കുട്ടി പാര്‍ട്ടി അച്ചടക്ക നടപടി നേരിടേണ്ടി വരുന്നത്‌. പാര്‍ട്ടിയുമായി ബിസിനസ്‌ പാര്‍ട്ട്‌ണര്‍ഷിപ്പില്‍ പങ്കാളിയായതിന്റെ പേരില്‍ അദ്ദേഹം തരംതാഴ്‌ത്തപ്പെട്ടിരുന്നു. ഹര്‍ത്താലിനെ എതിര്‍ത്ത്‌ സംസാരിച്ചതിന്‌ പാര്‍്‌ട്ടി പരസ്യമായി ശാസിക്കുകയും ചെയ്‌തിരുന്നു.

പാര്‍ട്ടിയുടെ അനുമതിയില്ലാതെ ഉംറ നിര്‍വഹിയ്‌ക്കാന്‍ പോയതും മതവിശ്വാസത്തോടുള്ള പാര്‍ട്ടിയുടെ നിലപാടിനെ അബ്ദുള്ളക്കുട്ടി ചോദ്യം ചെയ്‌തപ്പോഴും അച്ചടക്ക നടപടികള്‍ സ്വീകരിയ്‌ക്കാന്‍ സിപിഎം തയാറായിരുന്നില്ല. ന്യൂനപക്ഷങ്ങള്‍ തെറ്റിദ്ധരിപ്പിയ്‌ക്കപ്പെടുമെന്ന ചിന്ത കൊണ്ടായിരുന്നു ഇത്‌.

എന്നാല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്ന മോഡിയെ പുകഴ്‌ത്തി അബ്ദുള്ളക്കുട്ടി തന്നെ രംഗത്തെത്തിയതോടെ സിപിഎമ്മിന്‌ കാര്യങ്ങള്‍ എളുപ്പമാകുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X