അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായം അംഗീകരിക്കുന്നില്ല: വൈക്കം വിശ്വന്‍
തിരുവനന്തപുരം: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ വികസനമോഡല്‍ സ്വീകരിക്കണമെന്ന അബ്ദുള്ളക്കുട്ടി എംപിയുടെ അഭിപ്രായം അംഗീകരിക്കുന്നില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
ഗുജറാത്ത് വികസനപ്രക്രിയ അഭികാമ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്‌ച നടന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിശ്വന്‍.
വികസനകാര്യത്തില്‍ മോഡിയ്‌ക്ക് മുഴുവന്‍ മാര്‍ക്കും നല്‍കുന്നുവെന്ന് നേതൃത്വത്തിന് വിശദീകരണം നല്‍കിയശേഷം ചാനലുകള്‍ക്ക് അഭിമുഖം നല്‍കിയും പ്രസ്‌താവനയിറക്കിയും തന്റെ നിലപാട് വ്യക്തമാക്കിയ അബ്ദുള്ളക്കുട്ടിയുടെ നടപടി സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
അദ്ദേഹത്തെ പുറത്താക്കുന്നതിനായുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ ആരംഭിച്ചതായാണ് സൂചന. അഖിലേന്ത്യാടിസ്ഥാനത്തില്‍ മോഡിയുടെ ഹൈന്ദവ ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ സിപിഎം പ്രചാരം സംഘടിപ്പിക്കുമ്പോഴായിരുന്നു ദുബയില്‍ നടത്തിയ ഒരു പ്രസംഗത്തിനിടെ അബ്ദുള്ളക്കുട്ടി മോഡിയെ ന്യായീകരിച്ചത്.
ഇത് വാര്‍ത്തയായപ്പോള്‍ മോഡി അബ്ദുള്ളക്കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് പ്രസ്‌താവന ഇറക്കുകയും ചെയ്‌തിരുന്നു. അബ്ദുള്ളക്കുട്ടിയുടെ പ്രസ്‌താവന ദേശീയ നേതൃത്വത്തിന് തന്നെ ഒരു ആഘാതമായിരുന്നു. ഈ പ്രസ്‌താവന പുറത്തുവന്ന സമയത്തുതന്നെ അബ്ദുള്ളക്കുട്ടിയെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നുവെന്നും സൂചനയുണ്ട്.
ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ നടപടിക്രമങ്ങള്‍ മാത്രമേ ഇനി പൂര്‍ത്തിയാകാനുള്ളുവെന്നാണ് സൂചന. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതും മറ്റും ഇതിന്റെ ഭാഗമാണ്. പുറത്താക്കല്‍ എപ്പോള്‍ വേണമെന്ന് മാത്രമേ ഇനി തീരുമാനിക്കേണ്ടതുള്ളു.












Click it and Unblock the Notifications