സത്യം തട്ടിപ്പ് : രാജു പോലീസ് കസ്‌റ്റഡിയില്‍

രാജുവിന്റെ സഹോദരനും മുന്‍ എംഡിയുമായ രാമരാജു, മുന്‍ ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ വി. ശ്രീനിവാസന്‍ എന്നിവരെയും പോലീസ് കസ്‌റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ചഞ്ചലഗുഡ ജയിലില്‍ പാര്‍പ്പിച്ചിരുന്ന രാജുവിനെയും മറ്റുള്ളവരെയും നാല് ദിവസത്തേക്കാണ് പോലീസ ക്‌സറ്റഡിയില്‍ വിട്ടിരിയ്‌ക്കുന്നത്.
ഇവരെ അഭിഭാഷകന്റെ സാന്നിധ്യത്തിലേ ചോദ്യം ചെയ്യാവൂ എന്നും ചോദ്യം ചെയ്യലിന്റെ പേരില്‍ പീഡിപ്പിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പകല്‍ സമയത്ത് മാത്രമേ ചോദ്യം ചെയ്യല്‍ പാടുള്ളൂവെന്നും പ്രതികള്‍ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
ഹൈദരാബാദിലെ ആറാം അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഡി. രാമകൃഷ്‌ണയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ തങ്ങളുടെ വാദങ്ങള്‍ അംഗകരിയ്‌ക്കാതെയാണ് കോടതി നടപടിയെന്നും ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിയ്‌ക്കുമെന്നും രാജുവിന്റെ അഭിഭാഷകന്‍ എസ്. ഭരത്‌കുമാര്‍ പറഞ്ഞു.
സത്യം സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് നാല് ഹര്‍ജികളാണ് വെള്ളിയാഴ്‌ച കോടതിയുടെ മുമ്പിലെത്തിയത്. ഇതില്‍ പോലീസ് കസറ്റഡിയില്‍ വിട്ടുകിട്ടണമെന്ന ഹര്‍ജി ശനിയാഴ്‌ച പരിഗണിച്ചിരുന്നു. മറ്റുള്ള ഹര്‍ജികള്‍ തിങ്കളാഴ്‌ച പരിഗണിയ്‌ക്കും.
7000 കോടിയുടെ സാമ്പത്തിക ക്രമക്കേട് കാണിച്ചുവെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജനുവരി ഒമ്പതിനാണ് സത്യം സ്ഥാപകന്‍ രാമലിംഗരാജു അറസ്റ്റിലായത്.












Click it and Unblock the Notifications