കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസയില്‍ വെടിനിര്‍ത്തല്‍

  • By Staff
Google Oneindia Malayalam News

ജറുസലേം: 1200 ഓളം പലസ്‌തീന്‍കാരുടെ ജീവനെടുത്ത ആക്രമണം ഇസ്രായേല്‍ അവസാനിപ്പിച്ചു. ഹമാസുമായി ധാരണയ്‌ക്കു നില്‌ക്കാതെ ഏകപക്ഷീയമായാണ്‌ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്‌.

മൂന്നാഴ്‌ചയിലധികം നീണ്ട ആക്രമണം നിര്‍ത്തുന്നത്‌ തങ്ങള്‍ ലക്ഷ്യം നേടിയതു കൊണ്ടാണെന്ന്‌ ഇസ്രായേല്‍ പ്രധാനമന്ത്രി എഹൂദ്‌ ഓള്‍മെര്‍ട്ട്‌ പറഞ്ഞു. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങള്‍ ഇസ്രായേല്‍ അംഗീകരിയ്‌ക്കും വരെ ഏറ്റുമുട്ടല്‍ തുടരുമെന്ന്‌ ഹമാസ്‌ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്‌.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഗാസയില്‍ നിന്ന്‌ സൈന്യത്തെ പിന്‍വലിയ്‌ക്കുകയില്ലെന്ന്‌ ഇസ്രായേല്‍ അറിയിച്ചിട്ടുണ്ട്‌. ലക്ഷ്യങ്ങള്‍ നേടിയതിനാല്‍ ആക്രമണം നിര്‍ത്തുകയാണെന്ന്‌ ഓള്‍മെര്‍ട്ട്‌ രാജ്യത്തെ ടെലിവിഷനിലൂടെ അഭിസംബോധന ചെയ്‌ത്‌ വെടിനിര്‍ത്തല്‍ പ്രഖ്യാപനം അറിയിക്കവെ പറഞ്ഞു.

ഗാസ-ഈജിപ്‌ത്‌ അതിര്‍ത്തിയില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നത്‌ സംബന്ധിച്ച്‌ ഈജിപ്‌തുമായി കരാര്‍ ഉണ്ടാക്കുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മനുഷ്യത്വപരമായ സഹായങ്ങള്‍ എത്തിയ്‌ക്കുന്നതിന്‌ മാത്രമായി അതിര്‍ത്തി തുറക്കാനാണ്‌ ഇസ്രായേല്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

അതേ സമയം ജനുവരി 20ന്‌ അധികാരമേല്‌ക്കുന്ന നിയുക്ത യുഎസ്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമയുടെ പ്രതിച്ഛായ മോശമാകാതിരിയ്‌ക്കാനാണ്‌ പെട്ടെന്നുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്‌ പിന്നിലെന്ന്‌ കരുതപ്പെടുന്നു.

വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്‌ മുമ്പായി ആക്രമണത്തിന്റെ ഇരുപത്തിരണ്ടാം ദിവസം ഇസ്രായേല്‍ ഗാസയില്‍ കനത്ത ആക്രമണമാണ്‌ അഴിച്ചുവിട്ടത്‌. ആക്രമണത്തില്‍ യുഎന്‍ സ്‌കൂളില്‍ അഭയം തേടിയിരുന്ന രണ്ട്‌ പിഞ്ചുകുട്ടികള്‍ കൊല്ലപ്പെട്ടു. ദാരുണമായ സംഭവമെന്നാണ്‌ യുഎന്‍ ദുരിതാശ്വസ ഏജന്‍സി ഇതിനെ വിശേഷിപ്പിച്ചത്‌.

410 കുട്ടികളടക്കം 1201 പാലസ്‌തീന്‍കാര്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ്‌ പ്രാഥമിക കണക്ക്‌. 5300 പേര്‍ക്ക്‌ പരിക്കേറ്റ സൈനിക നീക്കത്തില്‍ ഇതുവരെ 13 ഇസ്രായേലികളും കൊല്ലപ്പെട്ടിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X