ഝാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ
ദില്ലി: ഝാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ ശുപാര്‍ശ ചെയ്‌തു. സംസ്‌ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ യുപിഎ നേതാക്കളുടെ യോഗത്തില്‍ ധാരണയായിരുന്നു. ഇതേ തുടര്‍ന്നാണ് തിങ്കളാഴ്‌ച കേന്ദ്രമന്ത്രിസഭ അടിയന്തര യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
അവിശ്വാസ പ്രമേയസമയത്ത് യുപിഎ സര്‍ക്കാരിന് ജെഎംഎം പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഝാര്‍ഖണ്ഡിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വന്നത്.
കേന്ദ്രത്തിലെ പിന്തുണയ്‌ക്ക് പ്രത്യുപകാരമായി മധുകോഡ മന്ത്രിസഭയ്‌ക്കുള്ള പിന്തുണ പിന്‍വലിച്ച കോണ്‍ഗ്രസ് ന്യൂനപക്ഷമായി ജെഎംഎമ്മിനെ അധികാരത്തിലെത്തിച്ചു. നിയമസഭാംഗമല്ലാത്ത ഷിബു സോറനെ മുഖ്യമന്ത്രിയാക്കാനും കോണ്‍ഗ്രസ് സഹായിച്ചു. എന്നാല്‍ തമാറില്‍ നിന്നും മത്സരിച്ച സോറന്‍ പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് ഭരണപ്രതിസന്ധി ഉടലെടുക്കുകയായിരുന്നു.
മറ്റൊരു മണ്ഡലത്തില്‍ നിന്നും സോറന്‍ മത്സരിയ്‌ക്കാനൊരുങ്ങിയപ്പോള്‍ യുപിഎ സഖ്യകക്ഷികള്‍ ഇതിനോട് വിയോജിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയായി ജെഎംഎം എംഎല്‍എ ചമ്പായി സോറന്റെ പേര് ഷിബു സോറന്‍ നിര്‍ദേശിച്ചു. ഈ നിര്‍ദ്ദേശവും യുപിഎ തള്ളിയതിനെ തുടര്‍ന്നാണ് ഝാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്‌തത്.












Click it and Unblock the Notifications