സത്യത്തെ ഏറ്റെടുക്കാന്‍ എല്‍ ആന്‍റ് ടിയും എസ്സാറും
ദില്ലി: സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേഴ്‌സിനെ ഏറ്റെടുക്കാന്‍ വിദേശ, സ്വദേശ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചു.
ഏറ്റെടുക്കല്‍ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യാനായി അടുത്തുതന്നെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും. ഏറ്റെടുക്കല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമെ പുതിയ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എന്നിവരെ നിയമിക്കുന്ന കാര്യവും യോഗം ചര്‍ച്ചചെയ്യും. ഇതുകൂടാതെ 22, 23 തിയതികളില്‍ ചേരുന്ന യോഗം സര്‍ക്കാര്‍ ജാമ്യത്തില്‍ വായ്‌പയെടുക്കുന്ന കാര്യവും ചര്‍ച്ച ചെയ്യും.
സത്യം ഏറ്റെടുക്കാന്‍ തയ്യാറായി കമ്പനികള്‍ രംഗത്തുവന്നകാര്യം ഡയറക്ടര്‍ ബോര്‍ഡ് അംഗം തരുണ്‍ ദാസ് ആണ് വെളിപ്പെടുത്തിയത്. എല്‍ ആന്റ് ടി, എസ്സാര്‍ എന്നീ കമ്പനികളാണ് സത്യത്തെ ഏറ്റെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്.
ഇതിന് മുമ്പ് എന്‍ജീനീയറിംഗ് രംഗത്തെ പ്രമുഖരായ എല്‍ ആന്റ് ടി സത്യത്തെ ഏറ്റെടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും അത്തരത്തിലൊരു തീരുമാനമില്ലെന്നായിരുന്നു അന്ന് കമ്പനി തലവന്‍ എംഎ നായിക് പറഞ്ഞിരുന്നത്.
എന്നാല്‍ സത്യത്തെ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നായിക് ചൊവ്വാഴ്‌ച കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിരുന്നു. സത്യത്തിന്റെ ബിപിഒ വിഭാഗത്തെ വിലയ്‌ക്കെടുക്കാമെന്നാണ് എസ്സാര്‍ ഗ്രൂപ്പിന്റെ വാഗ്‌ദാനം.
ഇതിനിടെ സെസിനായി സത്യം കമ്പ്യൂട്ടേഴ്‌സിന് അനുവദിച്ച അമ്പത് ഏക്കര്‍ ഭൂമി തിരിച്ചെടുക്കാന്‍ ആന്ധ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി സൂചനയുണ്ട്. അക്കൗണ്ട് ബുക്കില്‍ തട്ടിപ്പ് നടത്താനായി നാല് ബാങ്കുകളുടെ വ്യാജ രേഖകള്‍ സത്യം ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. രാമലിംഗരാജുവിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇക്കാര്യം മനസ്സിലായത്.












Click it and Unblock the Notifications