ലാവലിന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു; മുന്‍മന്ത്രി പ്രതിയെന്ന് സൂചന
കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്ന എസ്‌എന്‍സി ലാവലിന്‍ കേസില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സിബിഐ കോടതിയിലും ഹൈക്കോടതിയിലുമാണ് അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിയ്‌ക്കുന്നത്.
അന്വേഷണം പൂര്‍ത്തിയാക്കുന്നതിനായി കോടതി അനുവദിച്ച നാലു മാസത്തെ കാലാവധി അവസാനിയ്‌ക്കാന്‍ ഒരു ദിവസം ശേഷിയ്‌ക്കെയാണ് സിബിഐ റിപ്പോര്‍ട്ട് നല്‌കിയിരിക്കുന്നത്. കേസില്‍ ഒരു മുന്‍ വൈദ്യുതമന്ത്രിയും സര്‍വീസിലുള്ള ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 11 പേരാണുള്ളതെന്ന് സൂചനകളുണ്ട്. കുറ്റപത്രം സമര്‍പ്പിയ്ക്കുന്നതിന് പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചതിന് ശേഷം കുറ്റപത്രം സമര്‍പ്പിയ്ക്കും.
മുന്‍ മന്ത്രിയെ പ്രതിയാക്കണമെങ്കില്‍ ഗവര്‍ണറുടെയും ഉദ്യോഗസ്ഥരെ പ്രതിയാക്കണമെങ്കില്‍ ചീഫ് സെക്രട്ടറിയുടെയും അനുമതി ആവശ്യമാണ്. ഇതാണിപ്പോള്‍ സിബിഐ കാക്കുന്നത്. അന്വേഷണ പുരോഗതി സംബന്ധിച്ച മുദ്ര വച്ച രേഖകള്‍ സിബിഐയുടെ അഭിഭാഷകനാണ് ബുധനാഴ്ച ഉച്ചയ്ക്ക് സിബിഐ കോടതിയ്ക്കും ഹൈക്കോടതി രജിസ്ട്രാര്‍ക്കും കൈമാറിയത്.
സംസ്‌ഥാനത്തിനു 374 കോടിരൂപയുടെ നഷ്‌ടംവരുത്തിയ കരാറിനു മുന്‍കൈ എടുത്ത വകുപ്പുമന്ത്രിയെ വിജിലന്‍സ് പ്രതിസ്‌ഥാനത്തുനിന്നു ഒഴിവാക്കിയതു വിവാദമാവുകയും പിന്നീടു ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് അന്വേഷണം സിബിഐ ഏറ്റെടുക്കുകയുമായിരുന്നു.
സിബിഐ ചെന്നൈ യൂണിറ്റില്‍ അഴിമതിനിരോധന സെല്ലിന്റെ ചുമതല വഹിക്കുന്ന എസ്.പി വെങ്കിട്ടരമണനാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. പിണറായി വിജയനെ ചെന്നൈ ആസ്‌ഥാനത്തേക്കു വിളിപ്പിച്ചു ചോദ്യംചെയ്‌തതിനു തൊട്ടുപിന്നാലെ അന്വേഷണസംഘം കാനഡയിലെ മോണ്‍ട്രിയാലിലും ക്യുബക്കിലും പോയി തെളിവെടുപ്പു നടത്തിയിരുന്നു.












Click it and Unblock the Notifications