സത്യം: പണം വകമാറ്റി ചെലവഴിച്ചുവെന്ന് രാമലിംഗരാജു
ഹൈദരാബാദ്: സത്യം കമ്പ്യൂട്ടേഴ്‌സിന്റെ പണം വകം മാറ്റി ചെലവഴിച്ചതായി കമ്പനിയുടെ മുന്‍ ചെയര്‍മാനും സ്‌ഥാപകനുമായ രാമലിംഗ രാജു സമ്മതിച്ചു. കുടുംബാംഗങ്ങള്‍ നടത്തുന്ന രണ്ടു റിയല്‍ എസ്‌റ്റേറ്റ് കമ്പനികളിലേക്കു പണം തിരിച്ചുവിട്ടുവെന്ന് രാജു സമ്മതിച്ചതായി പോലീസ് വെളിപ്പെടുത്തി.
ഹൈദരാബാദില്‍ ചില പ്രധാന സ്‌ഥലങ്ങളിലും സമീപ പ്രദേശങ്ങളിലും ഭൂമി വാങ്ങുന്നതിനും സത്യം കമ്പ്യൂട്ടേഴ്‌സിന്റെ പണം ഉപയോഗിച്ചിട്ടുണ്ടത്രേ. കഴിഞ്ഞ നാലു മുതല്‍ അഞ്ചു വര്‍ഷത്തിനിടെയാണ് ഇത് നടന്നത്.
തന്റെ മക്കളുടെ ഉടമസ്‌ഥതയിലുള്ള മെയ്‌റ്റാസ് പ്രോപ്പര്‍ട്ടീസ്, മെയ്‌റ്റാസ് ഇന്‍ഫ്ര എന്നിവയിലേക്കാണ് പണം വഴിതിരിച്ചുവിട്ടതെന്നും രാജു സമ്മതിച്ചിട്ടുണ്ട്. 2004 മുതല്‍ ഇത്തരത്തില്‍ തുക വഴിമാറ്റിയിരുന്നു.
കമ്പനിയുടെ ഓഡിറ്റര്‍മാരായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനെ രാജു വ്യാജ ബാങ്ക് രേഖകള്‍ കാട്ടി തെറ്റിദ്ധരിപ്പിച്ചെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആറായിരത്തോളം വ്യാജ ശമ്പള അക്കൗണ്ടുകളിലൂടെയാണു വര്‍ഷങ്ങളായി കമ്പനിയില്‍നിന്നു തുക വഴിതിരിച്ചുവിട്ടിരുന്നുവെന്നന്നു കണ്ടെത്തിയിട്ടുണ്ട്.
നാലു ബാങ്കുകള്‍ വഴിയാണു കമ്പനിയുടെ സ്‌ഥിരനിക്ഷേപത്തില്‍ നിന്ന് ഇത്തരത്തില്‍ തുക മാറ്റിയിരുന്നത്. ചില വിദേശ ബാങ്ക് അക്കൗണ്ടുകളും രാജു ഇതിനായി ഉപയോഗിച്ചുവെന്നും വ്യക്തമായിട്ടുണ്ട്.
രാജുവിന്റെ കുറ്റസമ്മതത്തെത്തുടര്‍ന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്‌റ്റിഗേഷന്‍ ഓഫീസും(എസ്‌എഫ്‌ഐഒ), രജിസ്‌ട്രാര്‍ ഓഫ് കമ്പനീസും മൗറീഷ്യസ് ആസ്‌ഥാനമായുള്ള ഒരു കമ്പനിയെ നിരീക്ഷിച്ചുവരികയാണ്. ഈ സ്‌ഥാപനം വഴിയാണു മെയ്‌താസിലേക്കു പണം തിരിച്ചുവിട്ടതെന്നാണു കരുതുന്നത്.
അന്വേഷണ പരിധിയില്‍ മെയ്‌റ്റാസ് സ്‌ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്രം അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications