കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഷ്യാനെറ്റ്‌ 200ഓളം ജീവനക്കാരെ പിരിച്ചുവിടുന്നു?

  • By Staff
Google Oneindia Malayalam News

Asianet
തിരുവനന്തപുരം: ഏഷ്യാനെറ്റ്‌ ഏറ്റെടുത്ത സ്റ്റാര്‍ ഗ്രൂപ്പ്‌ ചാനലിലെ 200ഓളം ജീവനക്കാരെ പിരിച്ചുവിടാന്‍ ആലോചിയ്‌ക്കുന്നതായി റിപ്പോര്‍ട്ട്‌. കേരളത്തിലെ മാധ്യമരംഗത്ത്‌ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഈ വാര്‍ത്ത ഒരു പത്രമാണ്‌ പുറത്തുവിട്ടിരിയ്‌ക്കുന്നത്‌.

ജീവനക്കാരില്‍ ഇരുപത്‌ ശതമാനം പേര്‍ മാത്രമാണ്‌ ജോലി ചെയ്യുന്നതെന്നും ബാക്കിയുള്ളവര്‍ വെറുതെയിരുന്ന്‌ ശംബളം വാങ്ങുകയാണെന്നും ആരോപിച്ചാണ്‌ പിരിച്ചുവിടലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്‌ക്കുന്നു.

അറുനൂറിലധികം ജീവനക്കാരാണ്‌ ഏഷ്യാനെറ്റിലുള്ളത്‌. ഇതില്‍ ഭൂരിഭാഗവും പ്രധാന ചാനലായ ഏഷ്യാനെറ്റുമായി ബന്ധപ്പെട്ടാണ്‌ ജോലി ചെയ്യുന്നത്‌. സ്‌റ്റാറിന്റെ മറ്റു പ്രാദേശിക ചാനലുകളിലൊന്നും ഇത്രയധികം ജീവനക്കാരുള്ളതായി സൂചനകളില്ല. ജീവനക്കാരെ വെട്ടിക്കുറിയ്‌ക്കാന്‍ ഒരു കാരണമായി ഇതും പറയപ്പെടുന്നു.

പിരിച്ചുവിടല്‍ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഏഷ്യാനെറ്റിന്റെ ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുയര്‍ന്ന ആശങ്കള്‍ ശരിവെയ്‌ക്കുന്നതാണ്‌ പുതിയ സംഭവ വികാസങ്ങള്‍. കഴിഞ്ഞ വര്‍ഷാന്ത്യത്തിലാണ്‌ ഏഷ്യാനെറ്റ്‌ ചാനലുകള്‍ സ്റ്റാര്‍ ഗ്രൂപ്പ്‌ ഏറ്റെടുത്തത്‌. വാര്‍ത്താ ചാനല്‍ ഏറ്റെടുക്കാന്‍ നിയമമനുവദിയ്‌ക്കാത്ത്‌ മൂലം ഏഷ്യാനെറ്റും ഏഷ്യാനെറ്റ്‌ പ്ലസുമാണ്‌ സ്റ്റാര്‍ വിലയ്‌ക്ക്‌ വാങ്ങിയത്‌.

സംസ്ഥാനത്തെ മാധ്യമ ചരിത്രത്തില്‍ ഏറ്റവും വലിയ ഏറ്റെടുക്കലുകളിലൊന്നായിരുന്നു അത്‌. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന്‌ പ്രതിഷേധ ശബ്ദമുയര്‍ന്നിരുന്നുവെങ്കിലും അതൊന്നും വില്‌പനയെ ബാധിച്ചിരുന്നില്ല. ഏറ്റെടുക്കല്‍ പ്രക്രിയകള്‍ക്കിടെ ജീവനക്കാരിലൊരാളെയും പിരിച്ചുവിടില്ലെന്ന്‌ സ്റ്റാര്‍ അധികൃതര്‍ ഉറപ്പ്‌ നല്‌കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സാമ്പത്തിക മാന്ദ്യവുമായി ബന്ധപ്പെട്ട്‌ പരസ്യ വിപണിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതും ഇത്രയധികം ജീവനക്കാരെ ചുമക്കേണ്ടെന്ന തീരുമാനമെടുക്കാന്‍ സ്‌റ്റാറിനെ പ്രേരിപ്പിച്ചതെന്ന്‌ സൂചനകളുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X