പയസ് ടെന്‍തില്‍ പ്രതികളെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി
കോട്ടയം: സിസ്‌റ്റര്‍ അഭയ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പ്രതികളുമായി അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്‌റ്റലില്‍ എത്തി തെളിവെടുത്തു.
വെള്ളിയാഴ്‌ച പതിനൊന്ന് മണിയോടെയാണ് സംഘം ഫാദര്‍ തോമസ് കോട്ടൂര്‍, ഫാദര്‍ ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെയും കൊണ്ട് സിബിഐ സംഘം കോണ്‍വെന്റില്‍ എത്തിയത്. പ്രതികളെ കൊലപാതകം നടന്നുവെന്ന് കരുതുന്ന ഇടങ്ങളില്‍ നിര്‍ത്തി ചോദ്യംചെയ്‌തു.
സംഭവം പുനരാവിഷ്‌കരിക്കുന്ന രീതിയിലായിരുന്നു ചോദ്യം ചെയ്യല്‍. ഈ നടപടികളെല്ലാം കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. സെഫി ഉറങ്ങിയിരുന്ന മുറിയിലും, അഭയ ഉറങ്ങിയിരുന്ന മുറിയിലും മൃതദേഹം കാണപ്പെട്ട കിണറിനരികിലും പ്രതികളെ കൊണ്ടുവന്നു.
നാര്‍കോ പരിശോധനയില്‍ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലായിരുന്നു ചോദ്യംചെയ്യല്‍. കേസുമായി ബന്ധപ്പെട്ട മറ്റുചില സാക്ഷികളെയും സിബിഐ സംഘം കോണ്‍വെന്റില്‍ കൊണ്ടുവന്നിരുന്നു. പ്രതികളെ കാണാനായി മാധ്യമപ്രവര്‍ത്തരും ജനങ്ങളും കോണ്‍വെന്റ് ഹോസ്‌റ്റലിന് ചുറ്റും തടിച്ചുകൂടിയിരുന്നു.
പ്രതികള്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ കൂക്കുവിളികളുയര്‍ന്നു. ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് സംഘം തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങിയത്. കോട്ടൂരിനെയും പൃതൃക്കയെയും രാവിലെ പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്‌തതിന് ശേഷമാണ് കോണ്‍വെന്റില്‍ കൊണ്ടുവന്നത്.












Click it and Unblock the Notifications