അഭയ: മൈക്കിളിനെ ചോദ്യം ചെയ്‌തു
കൊച്ചി: അഭയ കേസില്‍ ആദ്യം അന്വേഷണം നടത്തുകയും അഭയ ആത്മഹത്യ ചെയ്‌തതാണെന്ന് റിപ്പോര്‍ട്ട് നല്‌കുകയും ചെയ്‌ത കോട്ടയം ക്രൈംബ്രാഞ്ച് മുന്‍ എസ്‌പി കെ.ടി മൈക്കിളിനെ സിബിഐ ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലില്‍ അഭയ ആത്മഹത്യ ചെയ്‌തതാണെന്ന് വാദം മൈക്കിള്‍ ആവര്‍ത്തിച്ചു.
കേസ് അന്വേഷിച്ച മൈക്കിളിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അഭയ ആത്മഹത്യ ചെയ്‌തതാണെന്ന നിഗമനത്തില്‍ കേസ് എഴുതിത്തള്ളുകയായിരുന്നു. മൃതദേഹത്തില്‍ ഉണ്ടായിരുന്ന വസ്‌ത്രങ്ങള്‍ ഉള്‍പ്പെടെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടതും ഈ കാലത്താണെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.
കേസില്‍ അറസ്റ്റിലായ രണ്ട് വൈദികര്‍ക്കും കന്യാസ്‌ത്രീയ്‌ക്കും പുറമെ തെളിവ് നശിപ്പിയ്‌ക്കാന്‍ കൂട്ടുനിന്നവര്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികള്‍ ഉണ്ടാവുമെന്ന സൂചനയും സിബിഐ ഹൈക്കോടതിയില്‍ നല്‌കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കെ.ടി മൈക്കിളിനെ കൊച്ചിയിലെ സിബിഐ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തത്.
വെള്ളിയാഴ്‌ച മൂന്ന് മണിയോടെ സിബിഐ ഓഫീസില്‍ എത്തിയ മൈക്കളിനെ അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈഎസ്‌പി നന്ദകുമാര്‍ നായരുടെ നേതൃത്വത്തില്‍ രണ്ടരമണിക്കൂറോളം ചോദ്യം ചെയ്‌തു.
ചോദ്യം ചെയ്യല്‍ കഴിഞ്ഞ് പുറത്തെത്തിയ മൈക്കിള്‍ സിബിഐ തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതല്ലെന്നും താനും നന്ദകുമാരന്‍ നായരും കേസിനെ സംബന്ധിച്ച് ചര്‍ച്ച നടത്തുകയായിരുന്നെന്നുമാണ് പ്രതികരിച്ചത്.












Click it and Unblock the Notifications