നോയിഡയില്‍ രണ്ട് തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
ദില്ലി: നോയിഡയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. റിപ്പബ്ലിക് ദിനം പ്രമാണിച്ച് രാജ്യത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രത പാലിക്കുന്നതിനിടെ ഞായറാഴ്‌ച പുലര്‍ച്ചെയാണ് സംഭവം.
നോയിഡയിലെ 97ാം സെക്ടറിലായിരുന്നു ഏറ്റുമുട്ടല്‍. ഉത്തര്‍പ്രദേശ് പൊലീസും ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായിട്ടായിരുന്നു ഓപ്പറേഷന്‍ നടത്തിയത്. തീവ്രവാദികളില്‍ നിന്നും രണ്ട് എകെ 47 തോക്കുകളും ഗ്രനേഡുകളും കണ്ടെടുത്തു.
ആയുധ ധാരികളായ രണ്ട് തീവ്രവാദികള്‍ കാര്‍മാര്‍ഗം ദില്ലിയിലേയ്‌ക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയത്. കാര്‍ കണ്ടെത്തി പിന്തുടര്‍ന്ന ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളെ വെട്ടിച്ച് ഇവര്‍ നോയിഡ-ദില്ലി എക്‌സ്‌പ്രസ് വേയിലൂടെ നീങ്ങുകയായിരുന്നു.
ഒരു ഘട്ടത്തില്‍ ഇവരുടെ പിടിയില്‍പ്പെടുമെന്നായപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് സ്‌ക്വാഡ് തിരിച്ചുനടത്തിയ വെടിവെയ്‌പിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
കാറില്‍ നിന്നും സമീര്‍ ചൗധരി എന്ന് പേരുള്ള ഒരു തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് വ്യാജമാണോയെന്നാണ് പൊലീസിന്റെ സംശയം.
റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരു ദിവസം മുമ്പേ നടന്നിരിക്കുന്ന ഈ സംഭവം സുരക്ഷാ ഉദ്യോഗസ്ഥരെ ആശങ്കയിലാക്കിയിരിക്കുകയാണ്. കൂടുതല്‍ തീവ്രവാദികള്‍ റിപ്പബ്ലിക് ദിനത്തില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് രാജ്യത്തെത്തിയിട്ടുണ്ടോയെന്നാണ് ആശങ്ക. സംഭവത്തെത്തുടര്‍ന്ന് തലസ്ഥാനത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ കനത്ത ജാഗ്രതയിലാണ്.












Click it and Unblock the Notifications