കയ്യേറ്റങ്ങള്‍ കുടിയേറ്റമായി വ്യാഖ്യാനിക്കരുത്: പിണറായി
നെടുങ്കണ്ടം: ഇടുക്കിയിലെ കുടിയേറ്റങ്ങള്‍ കയ്യേറ്റമായി ചിത്രീകരിയ്ക്കരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ദൗത്യ സംഘത്തിന് നേതൃത്വം നല്കിയ ചില ഉദ്യോഗസ്ഥരുടെ വകതിരിവില്ലാത്ത പ്രവൃത്തികളാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്.
കുടിയേറ്റങ്ങള്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ഉണ്ടായതെന്നും ധനികരുടെ കയ്യേറ്റങ്ങളെ മാത്രമേ ഒഴിപ്പിയ്ക്കാവൂ എന്നും പിണറായി പറഞ്ഞു. ഇടുക്കിയിലെ നെടുങ്കണ്ടത്ത് നടന്ന സിപിഎം കര്‍ഷക തൊഴിലാളി മഹാസംഗമത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
മൂന്നാര്‍ ദൗത്യത്തില്‍ ധനികരുടെ താത്‌പര്യം സംരക്ഷിയ്‌ക്കാനാണ് ദൗത്യത്തിന് നേതൃത്വം നല്‌കിയ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്ന് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
സര്‍ക്കാര്‍ നല്ല ഉദ്ദേശ്യ ലക്ഷ്യങ്ങളോടെ ആരംഭിച്ച ദൗത്യം ഉദ്യോഗസ്ഥര്‍ അട്ടിമറിയ്‌ക്കുകയായിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്‌ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണം. സംസ്ഥാനത്തെ വനം നിയമത്തില്‍ മാറ്റം വരുത്തി കര്‍ഷകര്‍ക്ക് പട്ടയം നല്‌കാനുള്ള നടപടികള്‍ സ്വീകരിയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ സിബിഐയെ ഉപയോഗിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയ്‌ക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയിരിക്കുകയാണ്. പാര്‍ട്ടിയ്‌ക്കെതിരെയുള്ള നീക്കങ്ങളെ എതിരിട്ട് തോല്‌പിയ്‌ക്കുമെന്നും ബൂര്‍ഷ്വാമാധ്യമങ്ങളുടെ ഉപദേശം പാര്‍ട്ടിയ്‌ക്ക് വേണ്ടെന്നും രാമന്‍ചന്ദ്രപിള്ള പറഞ്ഞു.












Click it and Unblock the Notifications