300 പേരെ കൊന്ന് ആസിഡില്‍ ഉരുക്കിയയാള്‍ അറസ്റ്റില്‍

സാന്റിയാഗോ മെസലോപസ് (45) എന്നയാളാണ് അറസ്റ്റിലായത്. മയക്കുമരുന്നു മാഫിയ ശക്തമായ മെക്‌സിക്കോയിലെ ജനങ്ങളെ മുഴുവന്‍ നടക്കിയ കഥകളാണ് സാന്റിയാഗോ പോലീസിനു മുന്നില്‍ തുറന്നുപറഞ്ഞത്. ബജ കാലിഫോര്‍ണിയയിലെ എന്‍സനാഡയില്‍നിന്നാണ് സാന്റിയാഗോ അറസ്റ്റിലായത്.
മയക്കുമരുന്നു മാഫിയത്തലവന്‍ തിയഡോറൊ ഗാര്‍സിയ സിമന്റാലിനുവേണ്ടിയാണ് താന്‍ മുന്നൂറോളം പേരുടെ മൃതദേഹങ്ങള്‍ ആസിഡില്‍ ഉരുക്കിയതെന്ന് സാന്റിയാഗോ മൊഴി നല്‌കി. ഇതിനു പ്രതിഫലമായി ആഴ്‌ചയില്‍ 600 ഡോളര്‍ (30,000 രൂപയോളം) പ്രതിഫലം കൈപ്പറ്റിയതായും ഇയാള്‍ വെളിപ്പെടുത്തി.
ഗാര്‍സിയയുമായി പിണങ്ങിയവരെയും കടം തിരിച്ചുനല്‌കാത്തവരെയുമൊക്കെയാണ് കൊലപ്പെടുത്തി ആസിഡില്‍ ഉരുക്കിയത്. മെക്സിക്കോയിലെ ഏറെ പ്രചാരമുള്ള പഹ്‌സോഹ്‌ലെ എന്ന ഒരു തരം സ്റ്റൂ നിര്‍മ്മിക്കുന്നയാളാണ് സാന്‍റിയാഗോ.
പഹ്‌സോഹ്‌ലെ പാകപ്പെടുത്തുകയെന്ന പേരിലാണ് ഈ കൊലപാതകരീതി, മയക്കുമരുന്നു മാഫിയകള്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞ സപ്‌തംബറില്‍ ടിജ്വാന തെരുവിലെ ഒരു റെസ്റ്റോറന്റില്‍നിന്ന് 'ഞങ്ങള്‍ പഹ്‌സോഹ്‌ലെ ഉണ്ടാക്കുന്നു' എന്നെഴുതിയ മൂന്ന് ആസിഡ്‌ടാങ്കുകള്‍ പോലീസ് കണ്ടെത്തിയിരുന്നു.
പത്തുവര്‍ഷമായി താന്‍ മൃതദേഹങ്ങള്‍ നിക്ഷേപിക്കുന്ന കുഴി സാന്റിയാഗോ പോലീസിനു കാട്ടിക്കൊടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ എത്തിച്ചപ്പോള്‍ തന്റെ ചെയ്‌തികള്‍ക്ക് അയാള്‍ ജനങ്ങളോട് മാപ്പു പറഞ്ഞു.












Click it and Unblock the Notifications