ഒറ്റ പ്രസവത്തില്‍ എട്ട് കുട്ടികള്‍
വാഷിങ്‌ടണ്‍: അമേരിക്കയിലെ ലോസാഞ്ചല്‍സില്‍ ഒരു യുവതി ഒറ്റ പ്രസവത്തില്‍ എട്ട് കുട്ടികള്‍ക്ക് ജന്മം നല്‌കി. ലോസാഞ്ചല്‍സിലെ ബെല്‍ഫ്‌ളവര്‍ ആശുപത്രിയില്‍ ആറ് ആണ്‍ കുട്ടികളും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന കുട്ടിക്കൂട്ടത്തെ വെറും അഞ്ച് മിനിറ്റ് നീണ്ട ശസ്‌ത്രക്രിയയിലൂടെയാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.
820 ഗ്രാം മുതല്‍ ഒന്നര കിലോ വരെയാണ് കുട്ടികളുടെ തൂക്കം. ഏഴ് കുട്ടികളെയാണ് മാതാപിതാക്കള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 46 പേരടങ്ങുന്ന വൈദ്യ സംഘമാണ് ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നല്‌കിയത്. കുട്ടികള്‍ എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നും ഇവരെ ആറാഴ്‌ചയെങ്കിലും ഇന്‍കുബേറ്ററില്‍ കിടത്തുമെന്നും അവര്‍ അറിയിച്ചു. അമ്മയുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്താന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല.
ഇത് രണ്ടാം തവണയാണ് ഒറ്റ പ്രസവത്തില്‍ എട്ട് കുഞ്ഞുങ്ങള്‍ ജനിയ്‌ക്കുന്നത്. മുമ്പ് അമേരിക്കയിലെ തന്നെ ടെക്‌സാസില്‍ എട്ട് കുട്ടികള്‍ ഒറ്റ പ്രസവത്തില്‍ പിറന്നിരുന്നെങ്കിലും ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ ഒരു കുട്ടി മരിച്ചിരുന്നു. മറ്റ് ഏഴു പേരും കഴിഞ്ഞ ഡിസംബറില്‍ പത്താം ജന്മദിനം ആഘോഷിച്ചു.












Click it and Unblock the Notifications