പെപ്‌സിയില്‍ കോണ്ടം 1,23,000 രൂപ നഷ്ടപരിഹാരം നല്‌കാന്‍ വിധിച്ചു
ദില്ലി: ശീതളപാനീയത്തിനുള്ളില്‍ ഗര്‍ഭനിരോധന ഉറ കണ്ടെത്തിയ കേസില്‍ പെപ്‌സി കമ്പനി 1,23,000 രൂപ നഷ്ടപരിഹാരം നല്‌കാന്‍ ദില്ലി ഉപഭോക്തൃ കോടതി വിധിച്ചു.
ദില്ലി സ്വദേശിയായ സുദേശ് ശര്‍മ്മയാണ് പെപ്‌സിയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 2003ല്‍ സുദേശ് ദില്ലിയിലെ കശ്‌മീരി ഗേറ്റിന് സമീപത്ത് കടയില്‍ നിന്നും വാങ്ങിയ രണ്ട് പെപ്‌സിയുടെ കുപ്പികളിലൊന്നാണ് ഗര്‍ഭ നിരോധന ഉറയും മറ്റു മാലിന്യങ്ങളും കണ്ടെത്തിയത്.
ഒരു കുപ്പിയ്‌ക്കുള്ളില്‍ നിന്ന് പാനീയം കുടിച്ച സുദേശിന് ഉറക്കമില്ലായ്‌മയും തലകറക്കവും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് അസുഖം മൂര്‍ച്ഛിയ്‌ക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിയ്‌ക്കുകയും ചെയ്‌തു. പാനീയം കൂടുതല്‍ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് സീല്‍ പൊട്ടിച്ചിട്ടില്ലാത്ത മറ്റേ കുപ്പിയില്‍ ഗര്‍ഭ നിരോധന ഉറയും മറ്റ് വസ്‌തുക്കളും കണ്ടെത്തിയത്.
എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്നും യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്ന വാദമായിരുന്നു പെപ്‌സി കോടതിയില്‍ ഉയര്‍ത്തിയത്. ഇത് കൂടാതെ ശീതളപാനീയം വാങ്ങിയത് എവിടെ നിന്നാണെന്നതിന് സുദേശ് തെളിവ് ഹാജരാക്കിയില്ലെന്നും പെപ്‌സി വാദിച്ചു.
എന്നാല്‍ സാധാരണഗതിയില്‍ കടകളില്‍ നിന്നും ഇത്തരം പാനീയങ്ങള്‍ വാങ്ങുമ്പോള്‍ ഒരു കടക്കാരനും ബില്ലോ രസീതുകളോ നല്‌കാറില്ലെന്ന വാദം ശരിവെച്ചു കൊണ്ട് പെപ്‌സിയോട് നഷ്ടപരിഹാം നല്‌കാന്‍ കോടതി വിധിയ്‌ക്കുകയായിരുന്നു.












Click it and Unblock the Notifications