അഭയ: കോടാലി കണ്ടെങ്കിലും രേഖപ്പെടുത്തിയില്ലെന്ന് മൈക്കിള്‍
കൊച്ചി: സിസ്‌റ്റര്‍ അഭയ കൊല്ലപ്പെട്ട കോട്ടയം പയസ്‌ടെന്‍ത് കോണ്‍വെന്റില്‍ താന്‍ കോടാലി കണ്ടിരുന്നുവെന്നും എന്നാല്‍ അതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നും ക്രൈംബ്രാഞ്ച് മുന്‍ എസ്‌പി കെടി മൈക്കിള്‍ സിബിഐയോട് വെളിപ്പെടുത്തി.
അഭയ ആത്മഹത്യ ചെയ്‌തത് തന്നെയാണെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറയുകയും ചെയ്‌തിട്ടുണ്ട്. ഡിവൈഎസ്‌പി നന്ദകുമാരന്‍ നായരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്‌ച രാവിലെ 10 മണിമുതല്‍ വൈകീട്ട് 7 മണിവരെ മൈക്കിളിനെ ചോദ്യം ചെയ്‌തിരുന്നു. അടുത്തയാഴ്‌ച വീണ്ടും സിബിഐ ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോണ്‍വെന്റിന്റെ അടുക്കളയ്‌ക്കടുത്തുള്ള മുറിയില്‍ ഒരു കോടാലി കണ്ടിരുന്നുവെന്നാണ് മൈക്കിള്‍ സിബിഐയോട് പറഞ്ഞത്. എന്നാല്‍ അത് കസ്‌റ്റഡിയിലെടുക്കുയോ വിരലടയാളങ്ങള്‍ ശേഖരിക്കുകയോ ചെയ്‌തിട്ടില്ല. എന്തുകൊണ്ട് അത് ചെയ്യാതിരുന്നുവെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായി മറുപടി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്.
ആറുമാസം മാത്രമേ താന്‍ കേസന്വേഷണത്തിന്റെ മേല്‍നോട്ടം വഹിച്ചിട്ടുള്ളുവെന്നും ഇതിനിടെ കേസില്‍ സമ്മര്‍ദ്ദങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മൈക്കിള്‍ പറഞ്ഞിട്ടുണ്ട്. മാത്രമല്ല അഭയയുടെ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ഡോട്‌കര്‍ മുങ്ങിമരണമാണെന്നാണ് പറഞ്ഞത്. ഡോക്ടറുടെ റിപ്പോര്‍ട്ട് പ്രധാനമായതിനാല്‍ കൊലപാതകമാണെന്ന് കരുതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടത്രേ.












Click it and Unblock the Notifications