പെട്രോളിന് 5 രൂപ ഡീസലിന് 2 രുപ കുറച്ചു
ദില്ലി: അന്താരാഷ്ട്ര വിപണയില്‍ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കുറച്ചു.
പെട്രോളിന് അഞ്ചു രൂപയും ഡീസലിന് രണ്ടു രൂപയും പാചകവാതകം സിലിണ്ടറിനു 25 രൂപയുമാണ് കുറച്ചിരിക്കുന്നത്. മണ്ണെണ്ണ വിലയില്‍ മാറ്റമില്ല. പുതുക്കിയ നിരക്ക് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്ക്ക് തന്നെ നിലവില്‍ വന്നു.
വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യസമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. രണ്ടു മാസത്തിനുള്ളില്‍ ഇതു രണ്ടാം തവണയാണു ഇന്ധനവില കുറയ്ക്കുന്നത്. ഇതു മുമ്പ് ഡിസംബര്‍ അഞ്ചിന് വില കുറച്ചിരുന്നു. അന്നു പെട്രോളിന് അഞ്ചും ഡീസലിന് രണ്ടു രൂപയുമാണ് കുറച്ചത്.
എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതിയില്‍ ഇളവ് വരുത്തില്ലെന്ന് പെട്രോളിയം മന്ത്രി മുരളി ദേവ്‌റ പറഞ്ഞു.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ബാരലിന് 147 ഡോളറായിരുന്നപ്പോഴാണു രാജ്യത്ത് ഇന്ധനവില കൂട്ടിയത്. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില ബാരലിനു 42.5 ഡോളറാണ്.
ഇന്ധനവില കുറയ്ക്കുന്നതിനെതിരെ എണ്ണ കമ്പനികള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ വിലയനുസരിച്ച് എണ്ണ കമ്പനികള്‍ക്ക് പെട്രോളിനു ഒന്‍പതു രൂപയും ഡീസലിനു നാലു രൂപയും ലാഭം ലഭിക്കുന്നുണ്ട്. എന്നാല്‍ മണ്ണെണ്ണയും പാചകവാതകവും നഷ്ടത്തിലാണ് വില്‍ക്കുന്നതെന്ന് എണ്ണ കന്പനികള്‍ പറയുന്നു.












Click it and Unblock the Notifications