രാജ്യസഭ സീറ്റ് ഇത്തവണയും കോണ്‍ഗ്രസിന്
ദില്ലി കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ദില്ലിയില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
സീറ്റ് ലഭിയ്ക്കുന്നതിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്ന യുഡിഎഫ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ഇക്കാര്യം അറിയിക്കുന്നതിന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയേയും ചുമതലപ്പെടുത്തി.
രാജ്യസഭ സീറ്റ് കോണ്‍ഗ്രസ് തന്നെ കൈവശം വെയ്ക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ കൊച്ചിയില്‍ പറഞ്ഞു. ചില പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നാളെ ചേരുന്ന കെ പി സി സി തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം സീറ്റ് സംബന്ധിച്ച തീരുമാനം തങ്ങളെ അറിയിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ. എം മാണി പറഞ്ഞു. കോണ്‍ഗ്രസ് തീരുമാനം അറിയിച്ച ശേഷം തങ്ങളുടെ പ്രതികരണം അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ ഒന്ന് മാത്രമാണ് യുഡിഎഫിന് ലഭിയ്ക്കുക. ഇത്തവണ സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് നേതാവ് മാണി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ മാണിയുടെ നീക്കങ്ങള്‍ മുന്‍കൂട്ടിക്കണ്ട സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ശക്തമായ നിലപാടുകള്‍ സ്വീകരിച്ചതോടെ സീറ്റ് കോണ്‍ഗ്രസിന് തന്നെ ലഭിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications